| Friday, 16th April 2021, 1:32 pm

ജോണ്‍ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലേക്ക്; സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസും എസ്.എഫ്.ഐ മുന്‍ ദേശീയ ഭാരവാഹിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ ഡോ. വി. ശിവദാസനുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റാണ് സി.പി.ഐ.എമ്മിനുള്ളത്. ഒരു സീറ്റ് നിയമസഭയിലെ പ്രതിപക്ഷത്തിനാണ്.

നേരത്തെ സി.പി.ഐ.എമ്മിന്റെ സാധ്യതപ്പട്ടികയിലുണ്ടായിരുന്നവരാണ് ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലെത്തിക്കാന്‍ നേരത്തെയും സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. പക്ഷെ പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്രാവശ്യം ബ്രിട്ടാസിന് മുന്‍ വര്‍ഷങ്ങളേക്കാള്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ടേം പൂര്‍ത്തിയാക്കുന്ന കെ. കെ രാഗേഷിന് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കിസാന്‍സഭ ദേശീയ നേതാവെന്ന നിലയില്‍ കര്‍ഷകപ്രതിഷേധത്തിലടക്കമുള്ള രാഗേഷിന്റെ പ്രവര്‍ത്തനങ്ങളും മികച്ച രാജ്യസഭാംഗമെന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് രാഗേഷിന് തുടരാന്‍ അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നത്. എന്നാല്‍ രാഗേഷിന് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

ചെറിയാന്‍ ഫിലിപ്പായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്ന മറ്റൊരു നേതാവ്. രാജ്യസഭ സീറ്റ് നല്‍കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് നിമയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം. എം വര്‍ഗീസാണ് സാധ്യതാപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരാള്‍.

കേരള മന്ത്രിസഭയില്‍ നിന്ന് ഒഴിയുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍, തോമസ് ഐസക് തുടങ്ങിയവരെയും പരിഗണിക്കുന്നുവെന്നാിയിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ തുടര്‍ച്ചയായി എം.എല്‍.എയായവരെ നിയമസഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും സി.പി.ഐ.എം ഒഴിവാക്കിയിരുന്നു.

മുതിര്‍ന്ന നേതാവായ ജി.സുധാകരന്റെയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു.

അതേസമയം, യു.ഡി.എഫില്‍ നിന്നും പി.വി അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്കെത്തുമെന്ന് തന്നെയാണ് അവസാന ഘട്ടത്തിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റാരുടെയും പേര് സാധ്യതപ്പട്ടികയില്‍ ഉയര്‍ന്നിട്ടില്ല. അടുത്ത ചൊവ്വാഴ്ച വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CPIM decided on Rajya Sabha candidates, John Brittas and Sr. V Sivadasan

We use cookies to give you the best possible experience. Learn more