|

സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.ഐ.എം; വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നും പാര്‍ട്ടി തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസില്‍ അഴിമതിയെന്ന് ചൂണ്ടിക്കാണിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് അവഗണിച്ച് സി.പി.ഐ.എം. റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് യു.ഡി.എഫ് കാലത്തെ അഴിമതിയാണെന്നും ഇതിന് മറുപടി പറയേണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുത്തു.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട്, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐ.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. പതിവിന് വിപരീതമായി സി.എ.ജി വാര്‍ത്താ സമ്മേളനം വിളിച്ച് കണ്ടെത്തലുകള്‍ വിശദീകരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാധാരണ രീതിയില്‍ സി.എ.ജി റിപ്പോര്‍ട്ടുകള്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ എത്തുമ്പോള്‍ മറുപടിയും വിശദീകരണവും നല്‍കി പരിഹരിക്കാറാണ് പതിവെന്നും ഇതേ നടപടി നിലവിലെ ആരോപണത്തിലും ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് ഈ വിഷയത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തലുകള്‍.

Latest Stories