'സൈബര്‍ ഗ്രൂപ്പുകളുടേത് സ്ത്രീവിരുദ്ധ-വംശീയ രാഷ്ട്രീയം, പാര്‍ട്ടികള്‍ തിരുത്തണം ' അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു
Dool Talk
'സൈബര്‍ ഗ്രൂപ്പുകളുടേത് സ്ത്രീവിരുദ്ധ-വംശീയ രാഷ്ട്രീയം, പാര്‍ട്ടികള്‍ തിരുത്തണം ' അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്
Tuesday, 11th August 2020, 8:11 pm

നിഷ പുരുഷോത്തമന്‍, എം.ജി കമലേഷ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നടന്നുവരുന്ന അധിക്ഷേപ പ്രചരണം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പ്രചരണം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സമീപകാലത്തായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സ്വീകരിച്ചുവരുന്ന സമീപനങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു.

അഭിമുഖം: അഭിലാഷ് മോഹനന്‍ / അന്ന കീര്‍ത്തി ജോര്‍ജ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന വ്യക്തിഹത്യപരമായ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണല്ലോ, ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു ?

ഒന്നാമതായി ഇത് വളരെ ആസൂത്രിതമായ ആക്രമണമാണ്. വ്യക്തികള്‍ തനിയെ നടത്തുന്നതാണ് ഈ ആക്രമണങ്ങളെന്ന് കരുതാന്‍ സാധിക്കില്ല. രണ്ടാമതായി ഇതൊരു പുതുമയുള്ള കാര്യവുമല്ല. കഴിഞ്ഞ കുറച്ചുകാലമായി, പ്രത്യേകിച്ചും സമൂഹമാധ്യമങ്ങള്‍ക്ക് നമ്മുടെ പൊതുബോധനിര്‍മ്മിതിയിലും വ്യവഹാരങ്ങളിലുമൊക്കെ വലിയ സ്വാധീനമുണ്ടായിത്തുടങ്ങിയ കാലഘട്ടം മുതല്‍ നടക്കുന്ന കാര്യമാണിത്. ഇതിന് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഒരു പാര്‍ട്ടിയുടെയും സൈബര്‍ വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ മോശമല്ലെന്നാണ് നമ്മുടെ അനുഭവത്തില്‍ നിന്നും മനസ്സിലായിട്ടുള്ളത്.

ഒരു വിഷയമോ ചോദ്യമോ ഉന്നയിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അതില്‍ എതിരഭിപ്രായങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് പ്രകടിപ്പിക്കുക എന്നത് സ്വാഭാവികവുമാണ്. അതല്ലാതെ മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങളോ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് ആരും പറയുന്നുമില്ല. പക്ഷെ ഉന്നയിക്കപ്പെടുന്ന ഒരു വിഷയത്തിന്റെ വസ്തുതക്കപ്പുറത്തേക്ക് ചോദ്യമുന്നയിക്കുന്ന ആളെ വ്യക്തിപരമായി ഉന്നം വെക്കുന്ന സമീപനമാണ് ഇവിടെ നടക്കുന്നത്.

ഈ ഒരു സമീപനം ദേശീയ തലത്തില്‍ ബി.ജെ.പി അവരുടെ ലക്ഷ്യം നിറവേറ്റുന്നതിനായി വളരെ ഫലപ്രദമായി ഉപയോഗിച്ചതാണ്. അത് കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സൈബര്‍ ഗ്രൂപ്പുകള്‍ ചെയ്യുന്നുണ്ട്. ഈ ഗ്രൂപ്പുകള്‍ ഒരു ‘ലിഞ്ച് മോബാണ്’ അഥവാ ആക്രമിക്കാനെത്തുന്ന ആള്‍ക്കൂട്ടമാണ്. ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് വിമര്‍ശനങ്ങളെയല്ല, ഞാന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ആര്‍ക്കും എത്ര രൂക്ഷമായും വിമര്‍ശിക്കാം. അതിനൊന്നും യാതൊരു കുഴപ്പവുമില്ല. വിമര്‍ശനാതീതരല്ല, മാധ്യമപ്രവര്‍ത്തകര്‍.

മാത്രമല്ല ആരോഗ്യകരമായ മാധ്യമവിമര്‍ശനം ഉണ്ടാകണം. കാരണം മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും പക്ഷപാതപരമായ നിലപാടുകള്‍ അവരുടെ വാര്‍ത്തകളിലോ പറയുന്ന കാര്യങ്ങളിലോ വന്നേക്കാം. അതുകൊണ്ട് എല്ലാ മാധ്യമപാഠങ്ങളെയും വിമര്‍ശനാത്മകമായി തന്നെ ഉള്‍ക്കൊള്ളണം. അതിലല്ല പ്രശ്‌നം, മറിച്ച് ആളുകളെ വ്യക്തിപരമായി ഉന്നംവെക്കുകയും വ്യക്തിഹത്യയിലേക്ക് കടക്കുകയും ചെയ്യുന്നിടത്താണ് വിയോജിപ്പ് ഉണ്ടാകുന്നത്.

ഈ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒരു രാഷ്ട്രീയവും മുന്നോട്ടുവെക്കുന്നില്ല. ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. ഒരുപാട് പേര്‍ ചേര്‍ന്ന് ഒരാളെ തല്ലിക്കൊല്ലുന്നതാണല്ലോ മോബ് ലിഞ്ചിങ്. അതിന്റെ സൈബര്‍ രൂപമാണിത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സി.പി.ഐ.എമ്മിന്റെ സൈബര്‍ വിഭാഗത്തില്‍ നിന്നുള്ള ആക്രമണമാണല്ലോ നടക്കുന്നത്. അവര്‍ എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്?

സി.പി.ഐ.എമ്മിന്റെ സൈബര്‍ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പരിശോധിക്കപ്പെടണം. അങ്ങേയറ്റം സ്ത്രീവിരുദ്ധവും വംശീയവുമായ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് ഉണ്ടാവുന്നത് എന്നത് സി.പി.ഐ.എം പരിശോധിക്കേണ്ടതാണ്. ഈയൊരു രാഷ്ട്രീയം തങ്ങളുടെ പ്രവര്‍ത്തകര്‍ വെച്ചുപുലര്‍ത്തുന്നു എന്നത് പരിശോധിക്കേണ്ടത് ആ പാര്‍ട്ടിയുടെ ബാധ്യതയാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തുക്കൊണ്ടാണ് സി.പി.ഐ.എമ്മിന്റെ കാര്യം പറയുന്നത്.

ഗുണപരമായ വിധത്തില്‍ സൈബര്‍ മാധ്യമങ്ങളില്‍ ഇടപെടുന്ന നിരവധി പേരുണ്ട്. നല്ല നിലക്ക് രാഷ്ട്രീയം പറയുന്ന, വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുണ്ട്. പക്ഷെ അതിനപ്പുറത്തുള്ളവരുമുണ്ട്. ചെറിയ ന്യൂനപക്ഷമായിരിക്കാം, പക്ഷെ അവരുടെ ഈ സൈബര്‍ ലിഞ്ചിങ്ങിനെ പാര്‍ട്ടി തള്ളിപ്പറയാതിരിക്കുക, ഇതിനെ നേതാക്കള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിരാകാതിരിക്കുക, ഇത് മറ്റുള്ളവര്‍ക്ക് വന്നപ്പോള്‍ ഇത്രയും രോഷമുണ്ടായില്ലല്ലോ എന്ന മറുചോദ്യം ചോദിക്കുക എന്നീ ചോദ്യങ്ങളൊന്നും ഈ ഒരു സന്ദര്‍ഭത്തില്‍ അത്ര യുക്തമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം അങ്ങേയറ്റം പ്രതിലോമകരമാണ്. സി.പി.ഐ.എം പോലൊരു പ്രസ്ഥാനം അത് തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ഒരു രാഷ്ട്രീയ അപകടം കൂടിയാകും.

കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളിലെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനത്തെ എങ്ങനെ നോക്കികാണുന്നു?

ചോദ്യത്തിന് പകരം ചോദ്യകര്‍ത്താവിനെ നേരിടുക എന്നുള്ളത് ജനാധിപത്യ സമീപനമാണ്് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഭരണാധികാരിയ്ക്ക് വേണമെങ്കില്‍ ഉയരുന്ന ചോദ്യങ്ങള്‍ അവഗണിക്കാം. അതൊക്കെ അദ്ദേഹത്തിന്റെ ചോയ്സാണ്. എങ്ങിനെ മറുപടി പറയണമെന്ന് നമുക്ക് ഭരണാധികാരികളോട് നിര്‍ദേശിക്കാനൊന്നും കഴിയില്ല. എന്തായാലും അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നു എന്നതിനെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്.

പല ഭരണാധികാരികളും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാത്തവരാണ് എന്നു മാത്രമല്ല മാധ്യമങ്ങളെ അധിക്ഷേപിക്കുന്നവരും അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുമാണ്. നമ്മുടെ പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കാറേയില്ല. ഞാന്‍ സംസാരിക്കുന്നത് ഏകാധിപത്യ രാജ്യങ്ങളെക്കുറിച്ചല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എങ്ങിനെയാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് എന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയും അവരുടെ അനുയായികളും എങ്ങിനെയാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് എന്ന നമ്മള്‍ കണ്ടിട്ടുണ്ട്.

ഇവിടെ കേരളത്തിന്റെ മുഖ്യമന്ത്രി ആ നിലയ്ക്കാണ് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. നമുക്ക് ചുറ്റുമുള്ള മറ്റിടങ്ങളിലെ ജനാധിപത്യ വിരുദ്ധ സമീപനം ഇവിടെയുണ്ട് എന്നും ഞാന്‍ കരുതുന്നില്ല. അദ്ദേഹം ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു അവ നേരിടുന്നു എന്നുള്ളത് ഒരു നല്ല കാര്യമാണ്. പക്ഷേ അങ്ങിനെ ചെയ്യുമ്പോഴും ചോദ്യത്തിനുള്ള ഉത്തരമായി ചോദ്യ കര്‍ത്താവിനോട് രോഷം പ്രകടിപ്പിക്കുന്നത് നല്ലതായി എനിക്ക് തോന്നിയിട്ടില്ല. എന്നുമാത്രമല്ല ഈ സമീപനത്തില്‍ നിന്നാണ് പലരും ആവേശം ഉള്‍ക്കൊണ്ട് വലിയ തോതിലുള്ള വ്യക്തിഹത്യയിലേക്ക് വരെ പോകുന്നത്.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു നിങ്ങള്‍ നിരന്തരമായി എനിക്ക് നേരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, നിരന്തരമായി എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. തിരിച്ച് എന്റെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയിട്ടില്ലല്ലോ എന്ന്. പക്ഷേ അത് അദ്ദേഹത്തിന്റെ പാര്‍ട്ടി അനുയായികള്‍ കൂടി ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ട ഒരു കാര്യമായിരിക്കും.

എന്തായാലും ഇവിടെ അദ്ദേഹം ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു എന്നത് വളരെ സ്വാഗതാര്‍ഹമായിട്ടുള്ള കാര്യമാണ്. അങ്ങിനെ ചെയ്യുമ്പോഴും മാധ്യമങ്ങള്‍ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അഭിപ്രായം ചോദിക്കും. അത് മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായമാണെന്നോ അവരുടെ സ്ഥാപനത്തിന്റെ അഭിപ്രായമാണെന്നോ ഒന്നും കരുതേണ്ട കാര്യമില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റൊരു രാഷ്ട്രീയ നേതാവ് ഒരു ചോദ്യം ഉന്നയിക്കുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ  ശ്രദ്ധയില്‍ പെടുത്തിയിട്ട്  അങ്ങയുടെ കമന്റ് എന്താണ് ഇക്കാര്യത്തില്‍ എന്ന് ചോദിക്കുന്നത് മോശപ്പെട്ട ഒരു കാര്യമൊന്നുമല്ല.

നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം ചോദിക്കുക എന്നുള്ളത് സ്വാഭാവികമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അത് പ്രത്യേകിച്ച് അജണ്ടയുള്ളത് കൊണ്ടൊന്നുമല്ല. മുഖ്യമന്ത്രി സ്ഥിരമായി പറയുന്നൊരു കാര്യം ഇത് നിങ്ങളെകൊണ്ട് മറ്റുചില ആളുകള്‍ ചെയ്യിക്കുന്നു എന്നതാണ്. അങ്ങിനെ മറ്റുചില ആളുകള്‍ ചെയ്യിക്കേണ്ട കാര്യമൊന്നുമില്ല മാധ്യമപ്രവര്‍ത്തകരുടെ ജോലി തന്നെയാണത്. പ്രതിപക്ഷ നേതാവ് ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ അത് കൊടുക്കണം. അതു പോലെ തന്നെ അതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണെന്ന് തേടുകയും വേണം. അപ്പോഴാണല്ലോ അത് ഫെയര്‍ ആകുന്നത് അപ്പോഴാണല്ലോ ആ വാര്‍ത്ത ബാലന്‍സ്ഡ് ആകുന്നത്. ആ കാര്യമേ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അതിനെതിരെ ഒന്നിച്ചുനില്‍ക്കാറുണ്ടോ ?

ആളുകള്‍ വ്യക്തിപരമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനപ്പുറത്തേക്ക്, ജേണലിസ്റ്റുകള്‍ ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ അങ്ങിനെ ഈ ആക്രമണങ്ങള്‍ക്കെതിരെ പോരാടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് പല കാരണങ്ങളും ഉണ്ടാകും. മാത്രമല്ല വിവിധ പാര്‍ട്ടികളുടെ സൈബര്‍ ഗ്രൂപ്പുകള്‍ മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ടാര്‍ഗറ്റ് ചെയ്യുന്നതൊക്കെ നിരന്തരം സംഭവിക്കുന്ന കാര്യങ്ങളാണ്. അപ്പോഴൊക്കെ മാധ്യമപ്രവര്‍ത്തകര്‍ അതിനെ ഒരുമിച്ച് നേരിടുന്ന സ്ഥിതിവിശേഷമൊന്നും മുന്‍പ് ഉണ്ടായിട്ടില്ല.

പല അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ടാകുമല്ലോ, ഇപ്പോള്‍ ഈ വിഷയത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടല്ലോ. മുന്‍പ് മറ്റു ചില മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഇത്രയും പ്രതികരണങ്ങള്‍ കണ്ടില്ലല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ ഇതിനെ കാണുന്നത് അടിസ്ഥാനപരമായി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള അസഹിഷ്ണുത ഉണ്ടാകുന്നു എന്നാണ്. ആളുകളെ വ്യക്തിപരമായി ആക്രമിക്കുന്നു എന്നുള്ളതാണ്.

മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചതുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ കമ്മ്യൂണിറ്റി പ്രതിരോധിക്കണം എന്നതല്ല ഇവിടെ കാര്യം, മറിച്ച് വ്യക്തികളെ അത് മാധ്യമപ്രവര്‍ത്തകരോ ഉദ്യോഗസ്ഥരോ രാഷ്ട്രീയപ്രവര്‍ത്തകരോ ആരുമാകട്ടെ, അവരെ വംശീയമായും അവരുടെ സ്ത്രീപദവിയെക്കുറിച്ചും ആക്ഷേപിക്കാന്‍ പാടില്ല. അത് നമ്മുടെ പൊതുമണ്ഡല വ്യവഹാരത്തോട് യോജിച്ചതല്ല.

ഞാന്‍ ആവര്‍ത്തിക്കുന്ന കാര്യം ഇതില്‍ രാഷ്ട്രീയമില്ല എന്നതാണ്. ഈ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ രാഷ്ട്രീയ ഉള്ളടക്കം പരിശോധിക്കേണ്ട സമയമായി. ഒരു സ്ത്രീയെ ലൈംഗികാധിക്ഷേപം നടത്തുന്നതിലൂടെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്താണ്. ഇങ്ങനെ ചെയ്യുന്ന ആളുകളെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ ആ പാര്‍ട്ടിയും നേതാവും ഇതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമല്ലേ? അതാണ് പ്രശ്‌നം. അതായത് ഒരു സ്ത്രീവിരുദ്ധ സമീപനമോ ആള്‍ക്കൂട്ട ആക്രമണമോ ഉണ്ടായാല്‍ മറ്റൊന്നും നോക്കാതെ, മുന്‍പ് ശേഷം എന്ന് പറയാതെ, അതിന് ആധാരമായ വസ്തുത ഇതാണ് എന്നുപറയാതെ ആ സ്ത്രീവിരുദ്ധ പരാമര്‍ശം ഉടനടി തള്ളിക്കളയണം. ഞങ്ങള്‍ ഇങ്ങനെയല്ല എന്ന് സ്ഥാപിക്കേണ്ടത് ആ പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് പ്രവര്‍ത്തകരെ ഓരോ പാര്‍ട്ടിയും ബോധ്യപ്പെടുത്തണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

content highlight: Journalist Abhilash Mohanan speaks on recent cyber attack against media personnel

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.