| Sunday, 3rd December 2023, 3:49 pm

തെലങ്കാനയിൽ സി.പി.ഐ മത്സരിച്ച ഏക മണ്ഡലത്തിൽ 22,000 വോട്ടിന്റെ ലീഡുമായി വിജയത്തിലേക്ക്; രാജസ്ഥാനിൽ സിറ്റിങ് സീറ്റുകൾ കൈവിട്ട് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിൽ 22,000 ലധികം വോട്ടുകളുടെ ലീഡുമായി സി.പി.ഐയുടെ കെ. സാംബശിവ റാവു കൊത്തകുടം മണ്ഡലത്തിൽ വിജയത്തിലേക്ക്.

കോൺഗ്രസുമായുള്ള ധാരണ പ്രകാരം ഒരു മണ്ഡലത്തിൽ മത്സരിക്കാൻ സി.പി.ഐ സമ്മതിച്ചതോടെയാണ് കൊത്തകുടം മണ്ഡലത്തിൽ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായ സാംബശിവ റാവുവിനെ കോൺഗ്രസ്‌ പിന്തുണച്ചത്. മണ്ഡലത്തിൽ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിനും പിന്നിൽ മൂന്നാമതാണ് ബി.ആർ.എസ്.

തെരഞ്ഞെടുപ്പിൽ അധികാരം നേടിയാൽ സി.പി.ഐക്ക് രണ്ട് എം.എൽ.സി സീറ്റുകൾ അനുവദിക്കുമെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു.

കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് സി.പി.ഐ.എം 19 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാനിൽ രണ്ട് സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ മത്സരിച്ച 11 മണ്ഡലങ്ങളിലും സി.പി.ഐ.എം പിന്നിലാണ്. ഭദ്രയിൽ 19ൽ 18 റൗണ്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ സഞ്ജീവ് കുമാറിനേക്കാൾ 1,033 വോട്ടുകൾക്കാണ് സിറ്റിങ് എം.എൽ.എ ബൽവാൻ പൂനിയ പിന്നിൽ നിൽക്കുന്നത്.

അതേസമയം ദുങ്കാഗഡിൽ സി.പി.ഐ.എമ്മിന്റെ സിറ്റിങ് എം.എൽ.എ ഗിർദരി മൂന്നാം സ്ഥാനത്താണുള്ളത്.

ഛത്തീസ്ഗഡിലെ കോണ്ന്ത മണ്ഡലത്തിൽ സി.പി.ഐയുടെ മനീഷ് കുഞ്ചം 11 റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 590 വോട്ടുകൾക്ക് മാത്രമാണ് പിന്നിൽ നിൽക്കുന്നത്. ആദ്യഘട്ടത്തിൽ മനീഷ് കുഞ്ചം മുന്നിട്ടു നിന്നിരുന്നു.

CONTENT HIGHLIGHT: CPIM crosses a lead of 22,000 votes in only contested seat; CPIM loses sitting seats in Rajasthan

We use cookies to give you the best possible experience. Learn more