| Friday, 2nd September 2022, 9:56 am

മമത ബാനര്‍ജി ആര്‍.എസ്.എസിന്റെ സന്തതി; ആര്‍.എസ്.എസ് ന്യായീകരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ആര്‍.എസ്.എസിനെ ന്യായീകരിച്ച് സംസാരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

ആര്‍.എസ്.എസ് അത്ര മോശമായിരുന്നില്ല എന്ന് മമത പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ‘കുറെ നല്ല മനുഷ്യര്‍ ആര്‍.എസ്.എസിലുണ്ട്, അവരാരും ബി.ജെ.പിയെ പിന്തുണക്കുന്നില്ല. ഒരു ദിവസം അവരെല്ലാം മൗനം വെടിയുമെന്നാണ് കരുതുന്നത്,’ എന്നായിരുന്നു മമതയുടെ പരാമര്‍ശം. ഈ പരാമര്‍ശം മമത ആര്‍.എസ്.എസിന്റെ സന്തതിയാണെന്നതിനുള്ള ഉദാഹരണമാണെന്നും സുജന്‍ ചക്രവര്‍ത്തി വ്യക്തമാക്കി.

മമതയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. മമത ഇതിന് മുമ്പും ആര്‍.എസ്.എസിനോട് നന്ദി പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് ആര്‍.എസ്.എസ് വേദിയില്‍ പ്രസംഗിച്ചയാളാണ് മമതയെന്നും ചൗധരി വിമര്‍ശിച്ചു.

2003ല്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മമത അവരെ പുകഴ്ത്തിപ്പറഞ്ഞ കാര്യം ഓര്‍ത്തെടുത്തായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ വിമര്‍ശനം.

‘മുസ്‌ലിം വിരുദ്ധത നിറഞ്ഞുനില്‍ക്കുന്നതാണ് ആര്‍.എസ്.എസ്. 2003ല്‍ മമത ആര്‍.എസ്.എസിനെ ദേശസ്നേഹികള്‍ എന്നാണ് വിളിച്ചത്. ആര്‍.എസ്.എസ് അവരെ ദുര്‍ഗയെന്നും വിശേഷിപ്പിക്കുകയുണ്ടായി. ഹിന്ദു രാഷ്ട്രത്തിന്റെ വക്താവാണ് ആര്‍.എസ്.എസ്.

മുസ്‌ലിം വിരുദ്ധത നിറഞ്ഞ കുറ്റകൃത്യങ്ങളാണ് അവരുടെ ചരിത്രം മുഴുവനും നിറഞ്ഞുനില്‍ക്കുന്നത്. ബി.ജെ.പിയുടെ ഗുജറാത്ത് വംശഹത്യയെയും മമത ന്യായീകരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ ‘മുസ്ലിം മുഖങ്ങള്‍’ സത്യസന്ധതക്കും സ്ഥിരതക്കും അവരെ പ്രകീര്‍ത്തിക്കുമെന്നു തന്നെ കരുതട്ടെ,’ എന്നാണ് ഉവൈസി ട്വീറ്റ് ചെയ്തത്.

Content Highlight: CPIM criticize Bengal CM Mamata Banerjee on her comment praising RSS

We use cookies to give you the best possible experience. Learn more