| Tuesday, 22nd June 2021, 1:29 pm

ശരദ് പവാര്‍ വിളിച്ച യോഗത്തിന് ഇടതുപാര്‍ട്ടികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഇടതുപാര്‍ട്ടികളും പങ്കെടുക്കും. അതേസമയം സി.പി.ഐ.എം., സി.പി.ഐ. പാര്‍ട്ടികളില്‍ നിന്ന് ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുക്കില്ല.

സി.പി.ഐ.എമ്മില്‍ നിന്ന് നിലോത്പല്‍ വസു, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പങ്കെടുക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ടാണ് ദേശീയ തലത്തില്‍ മോദി വിരുദ്ധ സഖ്യത്തിനായി ശരദ് പവാര്‍ വിളിച്ച യോഗം നടക്കുന്നത്. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും പവാറിന്റെ ദല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യനീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിനാണ് ശരദ് പവാര്‍ ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റേയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്. ആദ്യം എന്‍.സി.പി. ഭാരവാഹികളുടെ യോഗം ശരദ് പവാറിന്റെ വസതിയില്‍ ചേരും.

പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രമുഖരും പങ്കെടുക്കുന്ന യോഗം നടക്കും. യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സഞ്ജയ് സിങ്, ഫറൂഖ് അബ്ദുള്ള, ജസ്റ്റിസ് എ.പി. സിങ്, ജാവേദ് അക്തര്‍, കെ.ടി.എസ്. തുള്‍സി, കരണ്‍ ഥാപ്പര്‍, അശുതോഷ്, മജീദ് മെമന്‍, വന്ദന ചവാന്‍, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറേഷി, കെ.സി. സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി, പ്രതീഷ് നന്ദി , കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM CPI NCP Sharad Pawar Opposition Unity

Latest Stories

We use cookies to give you the best possible experience. Learn more