| Saturday, 23rd January 2021, 5:10 pm

അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സി.പി.ഐ.എം കൗണ്‍സിലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സി.പി.ഐ.എം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫാണ് പാര്‍ട്ടി വിട്ടത്.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് അഷ്‌റഫിന്റെ രാജി. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ ശേഷമാണ് രാജി പ്രഖ്യാപനം.

കഴിഞ്ഞ ആഴ്ച നടന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് തന്റെ വോട്ട് അസാധുവാക്കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്രഅംഗം സനില്‍ മോന് നല്‍കാനുള്ള സി.പി.ഐ.എം തീരുമാനത്തിനെയായിരുന്നു അഷ്‌റഫ് എതിര്‍ത്തത്.

സീനിയറായ തന്നെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സി.പി.ഐ.എം പരിഗണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ട് അസാധുവാക്കിയത്. ഇതോടെ അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. എന്നാല്‍ അഷ്‌റഫ് വോട്ട് അസാധുവാക്കിയപ്പോഴും എല്‍.ഡി.എഫ് വിമതന്‍ കെ. പി ആന്റണി അനുകൂലമായത് ഇടത് മുന്നണിയ്ക്ക് ആശ്വാസമായി.

നിലവില്‍ എല്‍.ഡി.എഫിനും യുഡിഎഫിനും 33 അംഗങ്ങളാണുള്ളത്. രണ്ട് യു.ഡി.എഫ് വിമതരുടെ പിന്തുണയിലാണ് ഇപ്പോഴും എല്‍.ഡി.എഫിന്റെ ഭരണം.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഇടതുമുന്നണിയെ പിന്തുണച്ച ലീഗ് വിമത അംഗം ടി. കെ അഷറിനാണ് നല്‍കിയിരിക്കുന്നത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആദ്യമൂന്ന് വര്‍ഷം സി.പി.ഐ.എം അംഗം പി. ആര്‍ റനീഷും ശേഷം സി.പി.ഐയിലെ സി.എ ഷക്കീറും പങ്കുവെയ്ക്കും.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ആദ്യ രണ്ട് വര്‍ഷം ജനാതാദള്‍ എസിലെ ഷീബാ ലാലുവും ശേഷമുള്ള വര്‍ഷങ്ങള്‍ സി.പി.ഐ.എമ്മിലെ സി. ഡി വത്സലകുമാരിയും പങ്കെവെയ്ക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM councilor in Kochi Corporation has resigned from the party

We use cookies to give you the best possible experience. Learn more