സംസ്ഥാന ഭരണത്തിന് കൂച്ചുവിലങ്ങിടാന്‍ സി.പി.ഐ.എം; നിരീക്ഷണത്തിന് പോളിറ്റ് ബ്യൂറോ അംഗങ്ങളുള്‍പ്പെട്ട സമിതി
Kerala News
സംസ്ഥാന ഭരണത്തിന് കൂച്ചുവിലങ്ങിടാന്‍ സി.പി.ഐ.എം; നിരീക്ഷണത്തിന് പോളിറ്റ് ബ്യൂറോ അംഗങ്ങളുള്‍പ്പെട്ട സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 9:55 am

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ പാര്‍ട്ടി നിരീക്ഷണം ശക്തമാക്കാനൊരുങ്ങി സി.പി.ഐ.എം. സര്‍ക്കാരിന്റെ പരിപാടികള്‍ പാര്‍ട്ടി നയത്തിന് അനുസൃതമാക്കുന്നതിന് മുതിര്‍ന്ന നേതാക്കളടങ്ങുന്ന സമിതി രൂപീകരിച്ചു.

നയപരവും ഭരണപരവുമായ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയായ കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, സി.പി.ഐ.എം ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവന്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നയങ്ങള്‍ അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. എല്ലാ ചൊവ്വാഴ്ചയും സമിതി യോഗം ചേരും. ചൊവ്വാഴ്ചത്തെ കാബിനറ്റ് ഫ്രാക്ഷനില്‍ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ നല്‍കുകയും വെള്ളിയാഴ്ചകളിലെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്യും.

പുതിയ രീതിയുടെ ഭാഗമായി കെ-റെയില്‍, നോളജ് എക്കോണമി മിഷന്‍ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും പാര്‍ട്ടി തീരുമാനിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത് അടക്കം കെ-റെയിലിനെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്.

കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്തുണ്ടായ സ്പ്രിംക്ലര്‍, ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍, പൊലീസിന് നല്‍കിയ അമിതാധികാരം എന്നിവ പോലുള്ള നിയമഭേദഗതികള്‍ ഈ ഭരണത്തില്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധവും പാര്‍ട്ടിക്കകത്തുണ്ട്.

കഴിഞ്ഞ ദിവസം സമാപിച്ച സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി, ‘സംസ്ഥാന സര്‍ക്കാരും വര്‍ത്തമാനകാല കടമകളും’ എന്ന രേഖയ്ക്ക് രൂപം നല്‍കിയിരുന്നു. പാര്‍ട്ടി നയങ്ങള്‍ക്ക് അനുസൃതമായി ഭരണം നടത്തുന്നതിന്റെ വിശദാംശങ്ങളാണ് രേഖയിലുള്ളത്. ഓഫീസില്‍ വരുന്നവരോട് മാന്യമായി പെരുമാറേണ്ട കാര്യങ്ങളും രേഖയില്‍ പറയുന്നുണ്ട്.

”ദൈനംദിന ഭരണത്തില്‍ പാര്‍ട്ടി ഇടപെടുന്ന രീതിയുണ്ടാകില്ല. പാര്‍ട്ടി കാഴ്ചപ്പാടിനനുസരിച്ച് അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണതലത്തിലുള്ളവര്‍ക്കുണ്ട്,” കോടിയേരി പറഞ്ഞു. ”തുടര്‍ഭരണമാകുമ്പോള്‍ സ്വാഭാവികമായും സ്ഥാപിതതാത്പര്യക്കാര്‍ പല വഴിയിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇത് മനസ്സിലാക്കി ഇടപെടണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM control LDF Govt Kerala