മഹാരാഷ്ട്രയില്‍ രണ്ട് സീറ്റുകള്‍ ലക്ഷ്യമിട്ട് സി.പി.ഐ.എം: കോണ്‍ഗ്രസ് - എന്‍.സി.പി സഹകരണത്തോടെ മത്സരിക്കാന്‍ നീക്കം
D' Election 2019
മഹാരാഷ്ട്രയില്‍ രണ്ട് സീറ്റുകള്‍ ലക്ഷ്യമിട്ട് സി.പി.ഐ.എം: കോണ്‍ഗ്രസ് - എന്‍.സി.പി സഹകരണത്തോടെ മത്സരിക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 11:37 am

 

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യവുമായി നീക്കുപോക്കിനൊരുങ്ങി സി.പി.ഐ.എം. പാര്‍ട്ടിക്ക് ശക്തിയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍.സി.പി പിന്തുണയില്‍ മത്സരിക്കാനാണ് നീക്കം നടക്കുന്നത്.

സഖ്യത്തില്‍ ചേരാതെയുള്ള സഹകരണത്തിനാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം മഹേന്ദ്ര സിങ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയില്‍ സഹകരണത്തിന് നീക്കം.

കോണ്‍ഗ്രസും എന്‍.സി.പിയും പിന്തുണ തേടി തങ്ങളെ സമീപിച്ചിരുന്നുവെന്ന് മഹേന്ദ്ര സിങ് പറഞ്ഞു. ബി.ജെ.പിയേയും ശിവസേനയേയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും. സഖ്യത്തില്‍ ചേരാതെ എന്‍.സി.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി രാഷ്ട്രീയ അടവുനയമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read:“പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ; ഒന്നും സംഭവിക്കില്ല”; ബി.ജെ.പി നേതാക്കള്‍ അണികളോട്

കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പാര്‍ഘര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി സി.പി.ഐ.എം നാലാം സ്ഥാനത്ത് എത്തിയിരുന്നു. പാര്‍ഘര്‍, ഡിന്‍ഡോളി മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സി.പി.ഐ.എം ഉദ്ദേശിക്കുന്നത്.

48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. 20 സീറ്റുകളില്‍ കോണ്‍ഗ്രസും 20ല്‍ എന്‍.സി.പിയും മത്സരിക്കാനാണ് ധാരണ. എട്ടുസീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് നല്‍കും.

കിസാന്‍ സഭയുടെ ലോങ്മാര്‍ച്ചിനുശേഷം മഹാരാഷ്ട്രയിലെ ആദിവാസി ശക്തികേന്ദ്രങ്ങളില്‍ സി.പി.ഐ.എമ്മിന് വലിയ സ്വാധീനമുണ്ട്. ഇത് വോട്ടാക്കിമാറ്റാനാണ് പാര്‍ട്ടി ശ്രമം.