ഭുവനഗിരി: തെലങ്കാനയിലെ ചൗട്ടുപാല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് മത്സരിച്ച സി.പി.ഐ.എം ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.സിനെ പിന്തുണച്ചതോടെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ തെറ്റിയത്.
മുനിസിപ്പാലിറ്റിയിലെ 20 വാര്‍ഡുകളില്‍ ടി.ആര്‍.എസിന് എട്ട് സീറ്റുകള്‍, കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍, സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്. ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു.
തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും സ്വതന്ത്രനും കോണ്‍ഗ്രസിനോട് സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന് സി.പി.ഐ.എം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം അംഗങ്ങള്‍ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയായിരുന്നു.
സി.പി.ഐ.എമ്മുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിരുന്നുവെന്നും ടി.ആര്‍.സിനെതിരെ സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രചരണം നടത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് എം.എല്‍.എ രാജഗോപാല്‍ റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഐ.ടി മന്ത്രി കെ.ടി രാമറാവു, എം.എല്‍.സി രാജേശ്വര്‍ റെഡ്ഡി എന്നിവര്‍ മറ്റു പാര്‍ട്ടികളില്‍പ്പെട്ടവരെ വിലയ്ക്കുവാങ്ങി വിവിധ മുനിസിപ്പാലിറ്റികളില്‍ അധികാരത്തിലെത്താന്‍ കോടികളാണ് ചെലവഴിക്കുന്നതെന്നും രാജഗോപാല്‍ റെഡ്ഡി പറഞ്ഞു.
ഞങ്ങള്‍ കുറച്ചു സീറ്റുകള്‍ അവര്‍ക്ക് നല്‍കുകയും സി.പി.ഐ.എം സഹകരണത്തോടെ വീടുകളില്‍ കയറി പ്രചരണം നടത്തുക വരെ ചെയ്തിരുന്നു. കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുനിസിപ്പാലിറ്റിയിലെ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണ നല്‍കാമെന്ന് ഇടതുപാര്‍ട്ടി സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷെ അവരെ ടി.ആര്‍.എസ് പണം നല്‍കി വിലക്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.