|

ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയാകാം; അസമിലും തമിഴ്‌നാട്ടിലും അടവുനയം പ്രായോഗികമെന്ന് കേന്ദ്ര കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന നിയമഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സി.പി.ഐ.എം ബംഗാള്‍ ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയുണ്ടാക്കാമെന്നാണ് കേന്ദ്ര കമ്മിറ്റി അറിയിച്ചത്. അതേസമയം കോണ്‍ഗ്രസുമായി സി.പി.ഐ.എമ്മിന് തെരഞ്ഞെടുപ്പ് മുന്നണിയുണ്ടാകില്ല.

സംയുക്തപ്രചരണത്തിന്റെ വിഷയം പ്രാദേശികതലത്തില്‍ തീരുമാനിച്ചു നടപ്പാക്കാന്‍ തടസ്സമില്ല. ബംഗാളിലെ സഖ്യത്തെ ബി.ജെ.പി വിരുദ്ധ മുന്നണിയായി ഉയര്‍ത്തിക്കാട്ടിയായിരിക്കും കോണ്‍ഗ്രസും സി.പി.ഐ.എമ്മും പ്രചരണത്തിനിറങ്ങുക. എന്നാല്‍ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും ദേശീയ നേതാക്കള്‍ ഒരുമിച്ച് പ്രചരണത്തിനിറങ്ങാനുള്ള സാധ്യതകളില്ല.

ബംഗാളിനു പുറമേ തമിഴ്‌നാട്ടിലും അസമിലും കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് സി.പി.ഐ.എം. ബി.ജെ.പിയെ ചെറുക്കാനാണ് കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡി.എം.കെ മുന്നണിയുമായി സി.പി.ഐ.എം നിലയുറപ്പിച്ചത്.

നേരത്തെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിക്കെതിരെ ജാനാധിപത്യ-മതേതര പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന അടവുനയം സി.പി.ഐ.എം സ്വീകരിച്ചിരുന്നു. ഇതു പ്രകാരമാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content  Highlight: CPIM-Congress Understanding in Bengal