| Thursday, 25th February 2016, 10:11 am

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യം അത്യാവശ്യമെന്ന് സോമനാഥ് ചാറ്റര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യം ആവശ്യമാണെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം തടുക്കാന്‍ സഖ്യം അത്യാവശ്യമാണെന്നും ചാറ്റര്‍ജി പറഞ്ഞു. രണ്ടു പാര്‍ട്ടികള്‍ യോജിക്കുന്ന വിഷയം മാത്രമല്ല, ജനങ്ങളെല്ലാം അവരുടെ വോട്ടവകാശം വിനിയോഗിക്കുന്ന സാഹചര്യമുണ്ടാകുമെന്നും സോമനാഥ് പറഞ്ഞു. ഇതല്ലാതെ തെരഞ്ഞെടുപ്പ് നടത്തിയിട്ട് പിന്നെന്താണ് കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളില്‍ തൃണമൂലിനെതിരെ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യം വേണമെന്ന് ആദ്യമായി പറഞ്ഞത് സോമനാഥ് ചാറ്റര്‍ജിയായിരുന്നു. 2008 ജൂലൈ 22ന് യു.പി.എ സര്‍ക്കാരിനെതിരെ നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 23ന് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.

ജെ.എന്‍.യു വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ നടപടി രാജ്യത്തിന് നാണക്കേടാണെന്നും സോമനാഥ് പറഞ്ഞു. കന്നയ്യ കുമാര്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യദ്രോഹപരമായി ഒന്നുമില്ലെന്നും നമ്മള്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണോയെന്ന് വീണ്ടും പരിശോധിക്കേണ്ടിയിരിക്കുന്നെന്നും സോമനാഥ് പറഞ്ഞു.

We use cookies to give you the best possible experience. Learn more