മുഴുവന്‍ സീറ്റുകളും ലക്ഷ്യമിട്ട് തെലങ്കാനയില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യം
national news
മുഴുവന്‍ സീറ്റുകളും ലക്ഷ്യമിട്ട് തെലങ്കാനയില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 5:49 pm

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും ലക്ഷ്യമിട്ട് തെലങ്കാനയില്‍ പുതിയ സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസും സി.പി.ഐ.എമ്മും. കോണ്‍ഗ്രസ്-സി.പി.ഐ.എം ചര്‍ച്ചകള്‍ ഫലം കണ്ടതിന് പിന്നാലെയാണ് ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തെലങ്കാനയില്‍ ഇരുവരും പുതിയ സഖ്യം രൂപീകരിച്ചത്.

ഇരുപാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രനും ഹൈദരാബാദില്‍ വെച്ചുനടന്ന ചര്‍ച്ചയില്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ 27 ശനിയാഴ്ച സി.പി.ഐ.എം സംസ്ഥാന നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി മത്സരിച്ച ഭുവനാഗിരി മണ്ഡലത്തിലും ഇടതിന്റെ പിന്തുണ കോണ്‍ഗ്രസ് നേടിയെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തങ്ങള്‍ ചില രാഷ്ട്രീയ നിര്‍ദേശങ്ങള്‍ സി.പി.ഐ.എമ്മിന്റെ മുമ്പിലേക്ക് വെച്ചിരുന്നു. അതില്‍ ഒന്നുരണ്ടെണ്ണം ഒഴികെ എല്ലാം അവര്‍ അംഗീകരിച്ചിട്ടുണ്ട്. ബി.ജെ.പിയെ പോലുള്ള ഫാസിസ്റ്റ് ശക്തികള്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാനും അതിനെതിരെ നിലകൊള്ളാനും ഈ സഖ്യം ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപാര്‍ട്ടികളും തമ്മില്‍ ആശയങ്ങളില്‍ പല വ്യത്യാസങ്ങള്‍ ഉണ്ടെന്നും അത് സഖ്യത്തെ ബാധിക്കില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ബി.ജെ.പി എന്ന ഫാസിസ്റ്റ് ശക്തിയെ തകര്‍ക്കാന്‍ തങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണക്കുമെന്നാണ് ചര്‍ച്ച കഴിഞ്ഞതിനുശേഷം തമിനേനി വീരഭദ്രന്‍ പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തോടൊപ്പം പ്രവര്‍ത്തിക്കാനും തെലങ്കാനയിലെ സഖ്യശക്തി തീരുമാനിച്ചിട്ടുണ്ട്.

Content Highlight: CPIM-Congress alliance in Telangana targeting all seats