തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ രഹസ്യ സര്‍വ്വേയുമായി സി.പി.ഐ.എം. ബസുകള്‍, ചായക്കടകള്‍, സലൂണുകള്‍ തുടങ്ങി ആള് കൂടുന്ന ഇടങ്ങളിലെല്ലാം എത്തി ജനങ്ങളുടെ വര്‍ത്തമാനം കേട്ട് ട്രെന്‍ഡ് അറിയാനാണ് സര്‍വ്വേ എന്നാണ് നേതാക്കളുടെ പ്രതികരണം. മണ്ഡലത്തിനും ജില്ലയ്ക്കും പുറത്തുള്ളവരെയാണ് സര്‍വ്വേക്ക് നിയോഗിച്ചിരിക്കുന്നത്.
നിലവില്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സി.പി.ഐ.എം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് എത്തിയതില്‍ നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനാണ് സി.പി.ഐ.എം ശ്രമം. അപ്പോള്‍ കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആലോചനയിലാണ് സര്‍വ്വേ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വന്തം സ്ഥാനാര്‍ത്ഥിയോടും മറ്റുള്ള സ്ഥാനാര്‍ത്ഥികളോടും ഉള്ള ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ദിനേന മാറ്റം വരുത്താനാണ് സി.പി.ഐ.എം ആലോചന. സര്‍വ്വേയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മണ്ഡലത്തിന്റെ ചുമതലയുള്ള മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടിക്ക് നല്‍കണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്തിനോടുള്ള ജനത്തിന്റെ സമീപനം അറിയാനും വേണ്ട തിരുത്തലിനുമാണ് സര്‍വ്വേയെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ മുകളിലുള്ള നിരീക്ഷണമാണിത് എന്ന അഭിപ്രായം മറ്റൊരു വിഭാഗം നേതാക്കള്‍ പറയുന്നു. പെട്ടെന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ശ്രദ്ധയിലേക്ക് വന്ന വി.കെ പ്രശാന്തിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് ചിലര്‍ പ്രവര്‍ത്തിച്ചേക്കുമെന്ന് സി.പി.ഐ.എമ്മിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് കൂടിയാണ് സര്‍വ്വേ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.