| Friday, 24th September 2021, 5:51 pm

അസമിലേത് ബി.ജെ.പിയുടെ മുസ്‌ലിം വേട്ട: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമിലെ പൊലീസ് വെടിവെപ്പ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. കൈയേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ മേല്‍ ആക്രമണമഴിച്ചുവിടുകയാണെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

പൊലീസ് നടപടി വര്‍ഗീയമായി ആസൂത്രണം ചെയ്തതും മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതുമാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന പൗരന്‍മാരുടെ സുരക്ഷയുടേയും തുല്യതയുടേയും നഗ്നമായ ലംഘനമാണിത്.

ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കാരണമായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ഗുവാഹത്തി ഹൈക്കോടതിയുടെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.

പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ബി.ജെ.പി സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്നും പി.ബി അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു.

കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Condemns Assam Firing BJP Target Muslims

We use cookies to give you the best possible experience. Learn more