തിരുവനന്തപുരം: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം. സല്‍മാന്‍ റുഷ്ദി എത്രയും വേഗം പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന് സി.പി.ഐ.എം പ്രസ്താവനയിലൂടെ അറിയിച്ചു.
യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്.
വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തികൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിലാണ്. ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കൈ ഞരമ്പുകള്‍ക്കും കരളിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂജേഴ്സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
റുഷ്ദിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റുഷ്ദി ആക്രമിക്കപ്പെട്ട ശേഷം വേദിയിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതായുള്ള വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്. വിവാദമായ The Satanic Verses എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് ശേഷമായിരുന്നു വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്. ഈ പുസ്തകം ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു.
ഇന്ത്യ തന്നെയാണ് സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് ആദ്യം നിരോധനമേര്‍പ്പെടുത്തുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പുസ്തകം വായിക്കുകപോലും ചെയ്യാതെയാണ് ഇന്ത്യ തന്റെ പുസ്തകം നിരോധിച്ചതെന്ന് റുഷ്ദി പലപ്പോഴായി പറഞ്ഞിരുന്നു.
1981ലെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.
Content Highlight: CPIM Condemned the attack against writer Salman Rushdie