തിരുവനന്തപുരം: വിവാദ പാറ്റൂര്‍ ഭൂമിയില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് ഫ്‌ളാറ്റുണ്ടെന്ന ലോകായുക്ത പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ലോകായുക്ത നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സി.പി.ഐ.എം പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥിനൊഴികെ ചിലര്‍ക്ക് പാറ്റൂരില്‍ ഫ്‌ളാറ്റുണ്ടെന്ന് ലോകായുക്ത പയസ് കുര്യാക്കോസ് ഇന്നലെ പാറ്റൂര്‍ കേസ് പരിഗണിക്കവെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ശിവന്‍കുട്ടി എം.എല്‍.എ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പാറ്റൂര്‍ ഫ്‌ളാറ്റില്‍ നേതാക്കളായ ആര്‍ക്കൊക്കെ ഫ്‌ളാറ്റുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ലോകായുക്ത നിര്‍മാണ് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു ഉടമകളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞ് നിര്‍മാതാക്കള്‍ പേരുവെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം നിര്‍മാതാക്കള്‍ ലോകായുക്തയെ അറിയിച്ചപ്പോള്‍ അരുവിക്കരയിലെ സ്ഥാനാര്‍ഥികളില്‍ ചിലര്‍ക്ക് ഫ്‌ളാറ്റുണ്ടെന്ന് വാര്‍ത്തകളുണ്ടെന്നും എന്നാല്‍ ശബരീനാഥിനു ഫഌറ്റുണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ലോകായുക്തയുടെ പരാമര്‍ശം.
അപക്വവും സമൂഹത്തിന്റെ നേര്‍വഴിക്ക് ചേരുന്നതുമല്ലാത്ത പരാമര്‍ശനമാണ് ലോകായുക്തയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. ഉന്നത പദവിയിലിരിക്കുന്ന വ്യക്തികളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ്‌സെക്രട്ടറിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എം.സി മോഹന്‍ദാസ്, ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി. പാറ്റൂര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് സംഘം കയ്യേറിയതില്‍ റവന്യൂ വകുപ്പിനു വീഴ്ചപറ്റിയെന്നു വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.