Kerala News
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍; കെ. സുരേന്ദ്രനെതിരെ പരാതി നല്‍കി മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 05, 11:34 am
Saturday, 5th June 2021, 5:04 pm

മഞ്ചേശ്വരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരാതി നല്‍കി മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി. വി. രമേശന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കെ. സുന്ദരയ്ക്ക് പണവും ആനുകൂല്യങ്ങളും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ നല്‍കി എന്ന വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് രമേശന്‍ പരാതി നല്‍കിയത്.

കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് വി. വി. രമേശന്‍ പരാതി നല്‍കിയത്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്നു കെ. സുന്ദര.

പണം നല്‍കി കെ. സുന്ദരയെക്കൊണ്ട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചതില്‍ ഐ.പി.സി. 171(ബി) പ്രകാരം സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും കെ. സുരേന്ദ്രന്‍ വിജയിച്ചാല്‍ മംഗളൂരോ ബെംഗളൂരുവിലോ വൈന്‍ പാര്‍ലറും വീടും പണിത് തരാമെന്ന് സുരേന്ദ്രന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ താന്‍ 15 ലക്ഷം ചോദിച്ചെങ്കിലും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് ലഭിച്ചതെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്.

എന്നാല്‍ സുന്ദരയ്ക്ക് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്നത് മുസ്‌ലിം ലീഗ്-സി.പി.ഐ.എം ഗൂഢാലോചനയാണെന്നാണ് ബി.ജെ.പി. കാസര്‍ഗോഡ് ജില്ല അധ്യക്ഷന്‍ കെ. ശ്രീകാന്തിന്റെ വാദം.

2016ലെ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി കെ. സുന്ദര മത്സരിച്ചിരുന്നു. അന്ന് 426 വോട്ട് സുന്ദരയ്ക്ക് ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM complaint against K Surendran in offering money to K Sundara