തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സി.പി.ഐ.എം.
പൊതുമേഖലാ ബാങ്കുകളില്‍ മൂന്ന് ലക്ഷം ക്ലര്‍ക്കുമാരുടെയും രണ്ട് ലക്ഷം ഓഫീസര്‍മാരുടെയും ഒഴിവുള്ളപ്പോഴാണ് നിയമനം നടത്താതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതെന്നും സി.പി.ഐ.എം കേരളയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിയമനം നടത്താന്‍ ഒരുപാട് ഓപഷ്ന്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ തുച്ഛവേതനം നല്‍കി കരാര്‍ ജീവനക്കാരാക്കുകയാണെന്നും സി.പി.ഐ.എമ്മിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
‘എസ്.ബി.ഐ പോലും തുച്ഛവേതനം നല്‍കി കരാര്‍, അപ്രന്റീസ് നിയമനം നടത്തുന്നു. നൂറുകണക്കിന് ജീവനക്കാര്‍ വിരമിച്ചിട്ടും കനറാ ബാങ്ക് അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 5,000 ക്ലര്‍ക്കുമാരെ അപ്രന്റീസായി നിയമിക്കാന്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വെറും 10,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
റെയില്‍വേയില്‍ നിലവില്‍ രണ്ടുലക്ഷത്തിലധികം ഒഴിവുകളുണ്ട്. ഡിവിഷനില്‍ 1000 ഒഴിവുകള്‍ വന്നാല്‍ 500 എണ്ണം നിര്‍ത്തലാക്കും. ബാക്കിയുള്ളതില്‍ 100 നിയമനം നടത്തി 400 ഒഴിവ് കണക്കാക്കും. രാത്രിപോലും ട്രെയിനുകളില്‍ ആര്‍.പി.എഫും ടി.ടി.ഇയും ആവശ്യത്തിന് ഇല്ലാത്തത് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോഴാണിത്. ഇതിന് പുറമെയാണ് സൈന്യത്തിലും സ്ഥിരജോലി ഇല്ലാതാക്കി കരാര്‍ നിയമനം നടത്തുന്ന അഗ്‌നിവീര്‍ പദ്ധതി അടിച്ചേല്‍പ്പിച്ചത്. ഇത് ഭാവിയില്‍ രാജ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായി ലാഭകരമല്ല എന്ന വാദമുയര്‍ത്തി എച്ച്.ഐ.എല്‍ പോലെ കേന്ദ്രപൊതുമേഖലാ വ്യവസായശാലകള്‍ അടച്ചുപൂട്ടി. ഇതുമൂലം നൂറുകണക്കിന് തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നത്.
അതേസമയം പൊതുമേഖലാസ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന നിയമനം ലഭിച്ച തുച്ഛമായ നിയമനങ്ങള്‍ പോലും പ്രധാനമന്ത്രിയുടെ തൊഴില്‍മേളയിലൂടെ നല്‍കിയതാക്കാന്‍ ശ്രമം നടക്കുകയാണ്.
ബാങ്കിങ് മേഖലയില്‍ ഐ.ബി.പി.എസ്, റെയില്‍വേയില്‍ ആര്‍.ആര്‍.ബി, ആര്‍.ആര്‍.സി റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ എന്നിവ നിയമിച്ചവര്‍ക്കാണ് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍ തൊഴില്‍ നല്‍കിയതായി തെറ്റിദ്ധാരണ പരത്തുന്നത്,’ സി.പി.ഐ.എം പ്രസ്താവനയല്‍ പറഞ്ഞു.
Content Highlight: CPIM claims that the central government is implementing undeclared ban even when job opportunities are vacant