തൃശൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലുണ്ടായ തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ താക്കീതുമായി സി.പി.ഐ.എം. മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ ബി.ഡി. ദേവസി ഉള്‍പ്പെടെ മൂന്ന് ജില്ല കമ്മറ്റി അംഗങ്ങളെ താക്കീതു ചെയ്യാനാണ് സി.പി.ഐ.എം തീരുമാനം.
ബി.ഡി. ദേവസിക്കുപുറമേ പി.കെ ഗിരിജാവല്ലഭന്‍, ഏരിയ സെക്രട്ടറി ടി.എ ജോണി എന്നിവര്‍ക്കെതിരെയാണ് നടപടി. ദേവസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ചാലക്കുടിയിലെ തോല്‍വിയില്‍ ബോധപൂര്‍വ്വമായ ജാഗ്രത കുറവുണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ജില്ലയില്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട ഏക മണ്ഡലം ചാലക്കുടിയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.
മൂന്നു തെരഞ്ഞെടുപ്പുകളിലും സി.പി.ഐ.എമ്മിലെ ബി.ഡി. ദേവസി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലം ഇത്തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു.