| Friday, 11th September 2020, 8:23 pm

അന്വേഷണ ഏജന്‍സി വിളിപ്പിച്ചതിനു രാജി വേണ്ട; കെ.ടി ജലീല്‍ രാജിവെക്കേണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. ചോദ്യം ചെയ്തതു കൊണ്ടു മാത്രം കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്നാണ് നേതൃത്വം പറയുന്നത്. കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുമ്പോള്‍ രാജി പരിഗണിക്കുമെന്നും നേതൃത്വം പ്രതികരിച്ചു.

ചില വിവരങ്ങള്‍ ആരായാന്‍ അന്വേഷണ ഏജന്‍സികള്‍ സാധാരണ ആള്‍ക്കാരെ വിളിപ്പിക്കാറുണ്ട്. ഇപ്പോഴത്തെ നടപടി അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതതു കൊണ്ടു രാജി വെക്കാന്‍ പോയാല്‍ ഒരുപാട് പേര്‍ രാജിവെക്കേണ്ടി വരുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.

പോളിറ്റ് ബ്യൂറോ യോഗം നാളെ ചേരുന്നുണ്ട്. എന്നാല്‍ ജലീലിന്റെ വിഷയമല്ല പ്രധാന ചര്‍ച്ചയെന്നാണ് സൂചന.
കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷവും ബി.ജെ.പിയും ആവശ്യം ശക്തമാക്കിയതിനിടയിലാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച രാവിലെയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര മന്ത്രാലയം ബാഗേജുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും തീരുമാനിച്ചത്.

പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയം ആരോപണത്തിന് ഇടയാക്കിയിരുന്നു. ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു.

സി-ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഈ വര്‍ഷം മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗില്‍ ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more