| Monday, 20th June 2016, 12:30 pm

കോണ്‍ഗ്രസ് ബാന്ധവം; സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഹകരണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ രാജി. മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സാംഗ്‌വാനാണ് രാജിവെച്ചത്. യോഗത്തിനിടെ പ്രഖ്യാപിച്ച് ജഗ്മതി സാംഗ്‌വാന്‍ ഇറങ്ങിപ്പോയി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിനെതിരെ പ്രതികരിച്ച ജഗ്മതി സാങ്‌വാനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പ്രതിഷേധവുമായി പുറത്തെത്തിയ ജഗ്മതി രാജി പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു രാജി പ്രഖ്യാപനം.  കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാള്‍ ഘടകത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് ഇവരെ പുറത്താക്കി പിബി വാര്‍ത്താക്കുറിപ്പിറക്കിയത്.

ഹരിയാനയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗമാണ് സാംഗ്‌വാന്‍. കോണ്‍ഗ്രസുമായുള്ള സഖ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടവ് നയത്തിന്റെ ലംഘനമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കമ്മിറ്റി തയ്യാറായില്ലെന്നും  പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായും സാംഗ്‌വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നതിനിടെയാണ് ജഗ്മതിയുടെ രാജി. യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ അവരെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായില്ല.

പാര്‍ട്ടി തീരുമാനം അനുസരിക്കാത്തവര്‍ക്ക് പുറത്തുപോകാമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ബംഗാള്‍ ഘടകത്തിനെതിരെ നടപടിയുണ്ടോ എന്ന കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപിക്കുകയെന്നും കോടിയേരി പറഞ്ഞു.

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതു രാഷ്ട്രീയ അടവുനയത്തിന്റെ ലംഘനം തന്നെയാണെന്ന് കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ അടവുനയവുമായി ഒത്തുപോകുന്ന സമീപനമല്ല ബംഗാളിലുണ്ടായതെന്ന് തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ചേര്‍ന്ന പിബി വിലയിരുത്തിയിരുന്നു.

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും ബംഗാളില്‍ സിപിഎമ്മിന് വന്‍ തകര്‍ച്ചയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നത്.

293 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്- സി.പി.ഐ.എം സഖ്യത്തിന് 71 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതില്‍ സി.പി.ഐ.എമ്മിന് 26, സി.പി.ഐക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റു നില. എന്നാല്‍ കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടിയിരുന്നു.

We use cookies to give you the best possible experience. Learn more