| Wednesday, 13th November 2024, 10:01 pm

ആര്‍.എസ്.എസിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരായ വിധി സ്വാഗതാര്‍ഹം: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി.

കുറച്ചുകൂടി നേരത്തെ ഈ വിധി വന്നിരുന്നെങ്കില്‍ ബി.ജെ.പിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരുടെ നിരവധി വീടുകള്‍ ബുള്‍ഡോസര്‍ രാജില്‍ നിന്നും സംരക്ഷിക്കപ്പെട്ടേനെയെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി പറഞ്ഞു.

ബി.ജെ.പിയുടെ ആക്രമണം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്കും ദരിദ്രര്‍ക്കും ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്നും സി.പി.ഐ.എം ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആര്‍.എസ്.എസ്-ബി.ജെ.പിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി എക്കാലവും പോരാടിയിരുന്നെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

നിയമലംഘനത്തിന് ഉത്തരവാദികളായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബുള്‍ഡോസര്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. പൊളിക്കല്‍ നടപടികളില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണമായിട്ടായിരുന്നു ബി.ജെ.പി ബുള്‍ഡോസര്‍ രാജ് പ്രയോഗിച്ചിരുന്നതെന്നും സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞു. ഇതിനെതിരെ സി.പി.ഐ.എം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം തീര്‍ത്തിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ബുള്‍ഡോസര്‍ വിഷയത്തില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടും ഹരജി നല്‍കിയിരുന്നു. വിധി വന്നതോടെ ബി.ജെ.പി ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി ലഭിച്ചുവെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു.

ബൃന്ദ കാരാട്ട് നടത്തിയ ചരിത്രപരമായ സമരത്തിന്റെ വിജയം കൂടിയാണ് സുപ്രീം കോടതി വിധിയെന്നും സി.പി.ഐ.എമ്മിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

വടക്കുപടിഞ്ഞാറന്‍ ജഹാംഗിര്‍പുരിയിലെ സി ബ്ലോക്കില്‍ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ദല്‍ഹി കോര്‍പറേഷന്റെ നീക്കം തടയുന്നതിന് നേതൃത്വം നല്‍കിയത് ബൃന്ദ കാരാട്ട് ആയിരുന്നു. ഇതോടെയാണ് ബുള്‍ഡോസര്‍ രാജില്‍ ബൃന്ദ കാരാട്ട് സുപ്രീം കോടതി ഹരജി ഫയല്‍ ചെയ്തത്.

നിയമത്തിന് കീഴില്‍ ബുള്‍ഡോസ് രാജിന് പ്രാധാന്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. പരിഷ്‌കൃത സമൂഹത്തിന് കീഴില്‍ ബുള്‍ഡോസ് രാജിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

Content Highlight: CPIM Central Committee says Supreme Court verdict against Bulldozer Raj is welcome

We use cookies to give you the best possible experience. Learn more