| Saturday, 20th May 2023, 12:15 am

മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണ്: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. മാധ്യമങ്ങള്‍ കേരള സര്‍ക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോന്നി മണ്ഡലം നടത്തിയ എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ പ്രചരണങ്ങളുടെ പശ്ചാതലത്തിലാണ് ഇടതുപക്ഷം ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ തയ്യാറായതെന്നും ടി.എം. തോമസ് ഐസക് പറഞ്ഞു.

‘ഇന്ത്യയിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബി.ജെ.പി വിരുദ്ധ സര്‍ക്കാരായി മാറുകയാണ്. ബി.ജെ.പി അധികാരത്തിലേറിയ ശേഷം ലോക പണക്കാരില്‍ 600ാം സ്ഥാനത്ത് കിടന്ന അദാനി ഇന്ന് ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയായി.
നമ്മുടെ സര്‍ക്കാറിനെ എങ്ങനെയെങ്കിലും തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല.

എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനുള്ള പരിപാടിയും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുകയാണ്. ക്ഷേമപെന്‍ഷന്‍ കൂട്ടും. വീട്ടമ്മമാര്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കുക തന്നെ ചെയ്യും,’ ടി.എം. തോമസ് ഐസക് പറഞ്ഞു.

Content Highlight: CPIM central committee member T.M. Thomas Isaac said that media houses in Kerala have sold themselves to BJP

We use cookies to give you the best possible experience. Learn more