കനത്ത തോല്‍വിക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സി.പി.ഐ.എം; കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യുന്നു
CPIM
കനത്ത തോല്‍വിക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സി.പി.ഐ.എം; കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 11:23 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തിരിച്ചുവരവിന് പുതിയ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് സി.പി.ഐ.എം. പുതിയ കര്‍മ്മ പരിപാടിക്ക് കേന്ദ്രകമ്മിറ്റി രൂപം നല്‍കും. ജനകീയ അടിത്തറ വീണ്ടെടുക്കാനാണ് കര്‍മ്മപരിപാടി ആവിഷ്‌കരിക്കുന്നത്. അടിസ്ഥാന വര്‍ഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കര്‍മ്മപരിപാടി.

സംഘടനാ പ്രശ്‌നങ്ങള്‍ മറികടക്കാനാണ് തിരുത്തല്‍ നടപടികള്‍ക്ക് പാര്‍ട്ടി രൂപം നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ ബദല്‍ വയ്ക്കാന്‍ കഴിയാത്തതാണ് കേരളത്തിലെ തിരിച്ചടിയെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു.

പാര്‍ട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് തിരിച്ചടിക്ക് കാരണമായതെന്നും ബംഗാള്‍ ഘടകം പറഞ്ഞു. എതിരാളികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് ബംഗാള്‍ ഉയര്‍ത്തിയ പ്രശ്‌നം.

കേരളത്തിലടക്കം കനത്ത പരാജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് നേരിടേണ്ടി വന്നത്.

അതേസമയം, സി.പി.ഐ.എം സംസ്ഥാന ഘടകത്തെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്തു നല്‍കി. വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലല്ലാതെ വസ്തുനിഷ്ഠമായ വിലയിരുത്തല്‍ നടത്തണം. തെരഞ്ഞെടുപ്പില്‍ മത-വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താതെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും വി.എസ് കത്തില്‍ സൂചിപ്പിച്ചു.