സി.പി.ഐ.എമ്മില്‍ പ്രത്യേക അടവുനയ രേഖ ഉണ്ടാവില്ല
Daily News
സി.പി.ഐ.എമ്മില്‍ പ്രത്യേക അടവുനയ രേഖ ഉണ്ടാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2014, 2:39 pm

cpimന്യൂദല്‍ഹി: അടവുനയ അവലോകനം സംബന്ധിച്ച് സി.പി.ഐ.എമ്മില്‍ പ്രത്യേക രേഖയുണ്ടാവില്ല. രാഷ്ടീയ പ്രമേയത്തോടൊപ്പമായിരിക്കും അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ഡിസംബറില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം ഭേഗഗതിക്ക് മാറ്റം നല്‍കും.

സീതാറാം യെച്ചൂരിയുടെതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ രേഖ അടുത്ത കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പരിഗണിക്കും. ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പ്ലീനം വിളിച്ചു ചേര്‍ക്കാനും കേന്ദ്രകമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. ജനുവരിയിലാണ് അടുത്ത കേന്ദ്രക്കമ്മിറ്റി യോഗം ചേരുക. കഴിഞ്ഞ 30 വര്‍ഷത്തെ പാര്‍ട്ടി നയങ്ങള്‍ അവലോകനം ചെയ്ത് പി.ബി തയ്യാറാക്കിയ കരട് അടവുനയ രേഖയില്‍ ഏകാഭിപ്രായത്തിലെത്താന്‍ ഇന്നലെ കേന്ദ്രകമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഔദ്യോഗിക രേഖയോട് വിയോജിച്ച് യെച്ചൂരി അവതരിപ്പിച്ച രേഖയ്ക്ക് ചില അംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചു. ഇതോടെ അംഗങ്ങള്‍ രണ്ട് തട്ടിലാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കരട് രേഖയ്ക്ക് അംഗീകാരം നല്‍കാതിരുന്നത്. ഭിന്നതയ്‌ക്കൊടുവിലായിരുന്നു ഭേദഗതി കൊണ്ടുവരാന്‍ സി.പി.ഐ.എം തീരുമാനിച്ചിരുന്നിരുന്നത്. ദല്‍ഹിയിലെ കേന്ദ്രക്കമ്മിറ്റി യോഗം സമാപിച്ചു.

വ്യക്ത്യാധിഷ്ഠിത നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യെച്ചൂരി മുന്നോട്ട് വച്ച രേഖയില്‍ പറഞ്ഞിരുന്നത്. ഇത് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിന്റെ നിലപാടിന് എതിരായിരുന്നെന്നും യെച്ചൂരിയുടെ നയരേഖയില്‍ പറയുന്നു.

പാര്‍ട്ടിയുടെ അടവ് നയം ശരിയായിരുന്നെന്നും അതുകൊണ്ടാണ് കേരളം, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ സാധിച്ചതെന്നും യെച്ചൂരി പറഞ്ഞിരുന്നു. അടവ് നയം നടപ്പിലാക്കുന്നതിലാണ് വീഴ്ച സംഭവിച്ചതെന്നും. വ്യക്താധിഷ്ഠിത നിലപാടുകള്‍ നടപ്പിലാക്കുന്ന രീതിയിലേക്ക് പാര്‍ട്ടി പോയെന്നും. ഇത് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലാനിടയാക്കിയതായും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടികള്‍ ഇതിന്റെ ഫലമാണെന്നുമാണ് യെച്ചൂരി തന്റെ രേഖയിലൂടെ മുന്നോട്ട് ച്ചിരുന്നത്.