കൊല്‍ക്കത്ത: ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്കു പ്രധാന കാരണം “അമിതമായ ആത്മവിശ്വാസ”മാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. 25 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സി.പി.ഐ.എം ഭരിച്ചുവന്ന സംസ്ഥാനമായിരുന്നു ത്രിപുര.
ആകെയുള്ള 60 സീറ്റുകളില്‍ 16 സീറ്റുകളില്‍ മാത്രമാണ് സി.പി.ഐ.എമ്മിന് വിജയിക്കാന്‍ കഴിഞ്ഞത്. ബി.ജെ.പി ഒറ്റയ്ക്കു നേടിയ 36 സീറ്റുകള്‍ ഉള്‍പ്പെടെ 44 സീറ്റുകളോടെ എന്‍.ഡി.എ മുന്നണിയാണ് സി.പി.ഐ.എമ്മില്‍ നിന്ന് ത്രിപുരയിലെ ഭരണം പിടിച്ചെടുത്തത്.
Also Read: ‘ചേട്ടന്‍ ശിവസേനയാണോ?’; ‘ആഭാസ’ത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി
മൂന്നു ദിവസങ്ങളായി നടക്കുന്ന കേന്ദ്ര കമ്മിറ്റി ഇന്നാണ് സമാപിച്ചത്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ബി.ജെ.പിയുടെ ശക്തി പാര്‍ട്ടി കുറച്ചു കണ്ടുവെന്നും പ്രതിപക്ഷ വോട്ടുകള്‍ ഒരു കുടക്കീഴിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാറിന്റെ അധ്യക്ഷതയിലാണ് കേന്ദ്ര കമ്മിറ്റി ചേര്‍ന്നത്. ത്രിപുരയിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നാണ് നേരത്തേ സി.പി.ഐ.എം ത്രിപുര സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ജനങ്ങള്‍ വോട്ട് ചെയ്യാത്തതിനാല്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന സംസ്ഥആന കമ്മിറ്റിയുടെ വിശദീകരണം കേന്ദ്ര കമ്മിറ്റിയിലും പ്രതിഫലിച്ചു.
ത്രിപുരയിലേയും പശ്ചിമ ബംഗാളിലേയും പാര്‍ട്ടിയുടെ ഭാവിയെ പറ്റിയുള്ള ആശങ്കകള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഈ രണ്ടു സംസ്ഥാനങ്ങളെ പറ്റിയും പ്രത്യേകമായ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമുണ്ട്. ത്രിപുരയില്‍ പറ്റിയ തെറ്റ് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Watch DoolNews Video Report: അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ