ന്യൂദല്‍ഹി: സംഘടനാ പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സി.പി.ഐ.എം വിലയിരുത്തല്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീന തീരുമാനം സംസ്ഥാന ഘടകങ്ങള്‍ നടപ്പിലാക്കിയില്ലെന്നാണ് കേന്ദ്രകമ്മറ്റിയുടെ വിലയിരുത്തല്‍. ഇതില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടി. മൂന്ന് മാസത്തിനകം സംസ്ഥാനഘടകങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ 11 ഇന കര്‍മ്മപരിപാടിക്ക് കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കി. കേരളത്തില്‍ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്ന് കേരളഘടകം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു.
ശബരിമല വിഷയത്തില്‍ നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെപിടിക്കുക, വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തുക, പാര്‍ട്ടിയില്‍നിന്ന് വഴിമാറിയവരെ തിരിച്ചുകൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളടങ്ങുന്നതാണ് 11 ഇന കര്‍മ്മപദ്ധതി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വരും ദിവസങ്ങളില്‍ കര്‍മ്മപദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
പാര്‍ട്ടി അടിത്തറ ശക്തമാക്കണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. ഇതിനായി സംഘടനാ ദൗര്‍ബല്യം മറികടക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും. വര്‍ഗ ബഹുജന സഘടനകളെ ശാക്തീകരിച്ച് ബഹുജന മുന്നേറ്റം സാധ്യമാക്കണം. ഇടത് ഐക്യം ശക്തിപെടുത്തണം, ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കണം എന്നീ നിര്‍ദേശങ്ങളും കേന്ദ്രകമ്മിറ്റി മുന്നോട്ടുവെച്ചു.