പി.കെ ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; സസ്‌പെന്‍ഷന്‍ കേന്ദ്രകമ്മറ്റി ശരിവെച്ചു
Kerala News
പി.കെ ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; സസ്‌പെന്‍ഷന്‍ കേന്ദ്രകമ്മറ്റി ശരിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th December 2018, 6:51 pm

ന്യുദല്‍ഹി: പി.കെ ശശിക്കെതിരായ പരാതിയില്‍ സംസ്ഥാനകമ്മറ്റിയുടെ നടപടി ശരിവെച്ച് സി.പി.ഐ.എം കേന്ദ്രകമ്മറ്റി. ശശിയെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടിയാണ് കേന്ദ്രകമ്മറ്റി ശരിവെച്ചത്.

ശശിക്കെതിരെ പെണ്‍കുട്ടിനല്‍കിയ പരാതിയും വി.എസ് നല്‍കിയ കത്തും പരിഗണിക്കാതെയാണ് കേന്ദ്രകമ്മറ്റിയുടെ നടപടി. വിഷയത്തില്‍ സംസ്ഥാനകമ്മറ്റി എടുത്ത നടപടിയാണ് ശരിയെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി.

പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശിയുടെ വാദം.

Also Read  ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വീണ്ടും വി.എസിന്റെ കത്ത്; ശശിയെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചവര്‍ക്കും വേദി പങ്കിട്ടവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യം

നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

എന്നാല്‍ പി.കെ ശശിയെ ന്യായീകരിക്കുന്ന തരത്തിലുള്ളതായിരുന്നു സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.

പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്. ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്‍പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read  മുഖ്യമന്ത്രിയുടെ ഉപദേശകന്‍ അഴിമതിക്കാരന്‍; രമണ്‍ ശ്രീവാസ്തവക്കെതിരെ വിമര്‍ശനവുമായി എം.എം. ലോറന്‍സ്

തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി.

പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Also Read  ഒടിയന്‍ സിനിമ കടുത്ത വര്‍ണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നു; വിമര്‍ശനവുമായി ശബരിനാഥ് എം.എല്‍.എ

അതേസമയം പി.കെ ശശിയുടെ സാന്നിധ്യമുള്ള സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ നിന്നും എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പിന്മാറിയിരുന്നു.

പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സംഘാടകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് എം.ടി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എം.ടി സംഘടകരെ അറിയിച്ചത്.

വെള്ളിനേഴി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സര്‍ഗവിദ്യാലയം പരിപാടി സംഘടിപ്പിച്ചത്. എം.ടിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പി.കെ ശശിയാണ് ചടങ്ങില്‍ അധ്യക്ഷന്‍.

DoolNews Video