| Saturday, 17th August 2019, 10:46 am

ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ സി.പി.ഐ.എം പിന്‍വലിക്കും; നടപടി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്കല്‍ കമ്മറ്റിയംഗം ഓമനക്കുട്ടന്റെ സസ്പന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് സി.പി.ഐ.എം. ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

ക്യാമ്പിലെ അന്തേവാസികളെ സഹായിക്കാനാണ് ഓമനക്കുട്ടന്‍ ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഓമനക്കുട്ടനെ കുറിച്ച് പരാതിയൊന്നുമില്ലെന്ന് ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും ക്യാമ്പംഗങ്ങള്‍ നല്‍കിയിട്ടുണ്ട്.

അതിനിടെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ അംഗവും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവു ഓമനക്കുട്ടനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു.

ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണു ഖേദം പ്രകടിപ്പിച്ചത്.

‘ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.’ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘അരി തീര്‍ന്നപ്പോള്‍ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവര്‍ത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തില്‍ പെട്ടുപോയ അനേകം മനുഷ്യരിലൊരാള്‍. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യന്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ കുറച്ചു രൂപ ക്യാമ്പംഗങ്ങളില്‍ നിന്നും അദ്ദേഹം വാങ്ങിക്കുവാന്‍ നിര്‍ബന്ധിതനായി . അന്വേഷണത്തില്‍ മുന്‍ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാര്‍ത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.’ വേണു വിശദീകരിക്കുന്നു.

ഓമനക്കുട്ടനെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ഈ വിഷയം ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാല്‍ ചേര്‍ത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേല്‍ നല്‍കിയ പൊലീ പരാതി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞു. പൊലീസ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.’ അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more