മാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും ഊരി നല്‍കുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി.പി.ഐ.എം. വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. വാളാട് മേഖല പ്രസിഡന്റുമായ അര്‍ജുന്‍ വെണ്‍മണി എന്ന യുവാവാണ് പൊള്ളലേറ്റ യുവതി മിനിയുടെ ഭര്‍ത്താവ് ഗോപിക്ക് താന്‍ ഉടുത്ത മുണ്ടും ടീ ഷര്‍ട്ടും ഊരി നല്‍കിയത്.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഉടനെ അര്‍ജുന്‍ സുഹൃത്തിനൊപ്പം മിനിയുടെ ഭര്‍ത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലന്‍സിലും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍, കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയതുമായിരുന്നില്ല, പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കയ്യില്‍ പണവുമില്ലായിരുന്നു. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകളും തുറന്നിരുന്നില്ല.
ഒടുവില്‍ മൊഴിയെടുക്കാനായി വന്ന പൊലീസുകാരനോട് 500 രൂപ കടം വാങ്ങി നല്‍കിയ ശേഷം, അര്‍ജുന്‍ താനിട്ടിരുന്ന വസ്ത്രം ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു..
സംഭവം നടക്കുന്നതിനിടയില്‍ അര്‍ജുന്‍ അറിയാതെ സുഹൃത്ത് പകര്‍ത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് അര്‍ജുനെ അഭിനന്ദിച്ച് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.
മാനവികതയുടെ സൗന്ദര്യം ഇത്ര മേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….? എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഫേസ്ബുക്കില്‍ എഴുതിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CPIM Branch Secretary give his clothes and T-shirt to young man to take his burnt wife to the hospital.