| Saturday, 25th September 2021, 6:29 pm

സംഭാവന നല്‍കിയില്ലെന്ന് പറഞ്ഞ് പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സംഭാവന നല്‍കിയില്ലെന്ന് പറഞ്ഞ് പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍. ചവറ ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രിനീത്വത്തിനാണ് സസ്‌പെന്‍ഷന്‍

സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ബിജു തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വംയ

രക്തസാക്ഷി സ്മാരകത്തിന് പണം സംഭാവന നല്‍കാത്തതിനാല്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പ്രവാസിയുടെ പരാതി. അമേരിക്കന്‍ പ്രവാസിയായ ഷഹി, ഭാര്യ ഷൈനി എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

സ്മാരകത്തിന് പണം സംഭാവന നല്‍കിയില്ലെങ്കില്‍ ഷഹി ചവറ മുഖം മൂടിമുക്കില്‍ നിര്‍മ്മിച്ച കണ്‍വന്‍ഷന്‍ സെന്ററില്‍ കൊടി കുത്തുമെന്നും സ്ഥാപനത്തിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാണിച്ച് ബിജു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ദമ്പതിമാര്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 10000 രൂപയാണ് സ്മാരകത്തിനായി ചോദിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്.

‘പല തവണയായി തുക നല്‍കാമെന്ന് പറഞ്ഞ് കളിയാക്കുന്നു. രക്തസാക്ഷി മണ്ഡപ നിര്‍മ്മാണത്തിന് പതിനായിരം രൂപയുടെ രസീത് കൊടുത്തിട്ട് രണ്ടു വര്‍ഷമായി. ഞാന്‍ ഭാരവാഹിയായ അമ്പലത്തിന് 15,000 രൂപ ചോദിച്ചതും തന്നില്ല. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, കൃഷി ഓഫീസര്‍ എന്നിവരെയും കൂട്ടി എത്തി കൊടി കുത്തും. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാനാണ് പറഞ്ഞത്. ഞാന്‍ അത് ചെയ്യും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് നിങ്ങളും ചെയ്തോ ‘ എന്നാണ് ബിജുവിന്റെതായി പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നത്.

കൃഷി ഓഫീസര്‍ക്കെതിരെയും ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നുളള 33 സെന്റ് സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് കൃഷി ഓഫീസര്‍ ചെയ്തു തരുന്നില്ലെന്നാണ് പരാതി. ഇതിനായി കൃഷി ഓഫീസര്‍ കൈക്കൂലി ചോദിച്ചെന്നും പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Branch Secratary suspended Fund Theat to NRI

We use cookies to give you the best possible experience. Learn more