| Tuesday, 23rd March 2021, 7:58 am

ആര്‍.എസ്.എസിനെ വേണ്ട, അവരുടെ വോട്ട് വേണം എന്നാണ് കോണ്‍ഗ്രസ് നിലപാട്; ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ എന്ന വാദം വെറും പൊള്ളത്തരം: സി.കെ പത്മനാഭന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കഴിഞ്ഞകാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍. സി.പി.ഐ.എം- ബി.ജെ.പി ഡീല്‍ വെറും പൊള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍.എസ്.എസിന്റെ വോട്ട് വേണം. എന്നാല്‍ ആര്‍.എസ്.എസിനെ വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ വോട്ടുവാങ്ങിയത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സി.പി.ഐ.എം- ബി.ജെ.പി ഡീല്‍ എന്ന വാദം പൊള്ളത്തരമാണ്,’ സി കെ പത്മനാഭന്‍ പറഞ്ഞു.

കേരളത്തില്‍ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുക്കെട്ട് ഉണ്ടെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ പ്രസ്താവനയോടായിരുന്നു സി.കെ പദ്ഭനാഭന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്ന് ബാലശങ്കര്‍ പറഞ്ഞിരുന്നു.

അതേസമയം വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിരുന്നുവെന്ന് എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലും പറഞ്ഞിരുന്നു.

ഈ സഖ്യം ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് നേടാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ഗുണമുണ്ടായെന്നും രാജഗോപാല്‍ പറഞ്ഞു.

പൊതു ശത്രുവിനെ തോല്‍പ്പിക്കാനുള്ള അഡ്ജസ്റ്റുമെന്റുകളില്‍ തെറ്റില്ലെന്നും എന്നാല്‍ സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ കൊള്ളരുതായ്മക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍. ബാലശങ്കറിന്റെ പ്രസ്താവനയെ രാജഗോപാല്‍ തള്ളുകയും ചെയ്തിരുന്നു. സി.പി.ഐ.എം-ബിജെ.പി കൂട്ടുകെട്ടിനെക്കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസുമായോ സി.പി.ഐ.എമ്മുമായോ ഒരു കൂട്ടുകെട്ടിനുമില്ലെന്നുമാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: CPIM-BJP Deal Is False Says C K Padbhanabhan

We use cookies to give you the best possible experience. Learn more