ഗ്രാമീണ വേരുകളില്‍ ഉറ്റുനോക്കി ബംഗാള്‍ സി.പി.ഐ.എം; തദ്ദേശ തെരഞ്ഞെടുപ്പോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍
national news
ഗ്രാമീണ വേരുകളില്‍ ഉറ്റുനോക്കി ബംഗാള്‍ സി.പി.ഐ.എം; തദ്ദേശ തെരഞ്ഞെടുപ്പോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2022, 8:55 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് സി.പി.ഐ.എം. 1978ല്‍ സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ വന്നത് മുതല്‍ ശക്തമായ തദ്ദേശ ഭരണസമ്പ്രദായം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞതിന്റെ പാരമ്പര്യവും അടുത്ത കാലത്തായി ഊര്‍ജിതമാക്കിയ ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനവും 2023ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തുണയാകുമെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതീക്ഷ.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബംഗാളില്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ഏതാനും ചില പ്രദേശങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. നാദിയ ജില്ലയിലെ ഒരു നഗരസഭയുടെ ഭരണമാണ് പാര്‍ട്ടി തിരിച്ചുപിടിച്ചത്.

വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി ജനങ്ങളുമായി ശക്തമായ ബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞുവെന്നാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി അവകാശപ്പെടുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത തങ്ങളുടെ ഗ്രാമീണ കോട്ടകള്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പോടെ പതിയെ തിരിച്ചുവരാന്‍ തുടങ്ങുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 2008ല്‍ ഇടതിന്റെ കൈവശമുണ്ടായിരുന്ന തദ്ദേശ സീറ്റുകളില്‍ 50 ശതമാനവും തൃണമൂല്‍ പിടിച്ചെടുത്തിരുന്നു.

തുടര്‍ന്ന് നടന്ന 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍, നഷ്ടസ്വാധീനം ഇത്തവണ തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടി തുടങ്ങിയതായാണ് സി.പി.ഐ.എം സംസ്ഥാന നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

‘ഇടത് പാര്‍ട്ടികള്‍ അധികാരത്തിലേറിയതിനുശേഷം പഞ്ചായത്ത് സംവിധാനത്തിലൂടെ കെട്ടിപ്പടുത്ത ശക്തമായ തദ്ദേശ സ്ഥാപനങ്ങള്‍ ഈയടുത്ത കാലത്ത് ഭരണകക്ഷി കശാപ്പുചെയ്യുകയായിരുന്നു. കൊള്ളയടിക്കാനുള്ള ഭണ്ഡാരങ്ങളാക്കി തദ്ദേശ സ്ഥാപനങ്ങളെ അവര്‍ മാറ്റി. വിധവ പെന്‍ഷന്‍, നൂറു തൊഴില്‍ ദിനങ്ങള്‍ എന്നെല്ലാം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു,’ സുജന്‍ ചക്രവര്‍ത്തി ആരോപിച്ചു.

പഞ്ചായത്തുകളിലെ അഴിമതിയെയും കെടുകാര്യസ്ഥതയേയും കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജില്ലതലങ്ങളില്‍ നടക്കുന്ന പൊതു പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടാകുന്നതായും ചക്രവര്‍ത്തി അവകാശപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ടതല്ലാത്ത വ്യക്തികള്‍ക്ക് അധികാരം നല്‍കിയതുകാരണം പഞ്ചായത്ത് സംവിധാനം അവതാളത്തിലായെന്ന് ആരോപിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് വന്നാല്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അഴിമതിയില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും ചില തൃണമൂല്‍ നേതാക്കളുടെ സമ്പാദ്യം പല മടങ്ങായി വര്‍ധിച്ചത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നും പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള സി.പി.ഐ.എം പ്രാദേശിക നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം, 2018ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പ്രതിപക്ഷ സ്ഥാനത്തേക്കുവന്ന ബി.ജെ.പിയെ ഗ്രാമീണ ജനത ഇപ്പോള്‍ ഒരു ബദലായി കാണുന്നില്ലെന്നാണ് ബംഗാളിലെ സി.പി.ഐ.എം നേതാക്കളുടെ പക്ഷം. സംസ്ഥാന ബി.ജെ.പി വിഭാഗീയതയില്‍ വലയുകയാണെന്നും മതവിശ്വാസത്തെ ബംഗാളികള്‍ ഒരു തെരഞ്ഞെടുപ്പ് മന്ത്രമായി സ്വീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.

Content Highlight: CPIM Bengal is Hopeful for the next Local body election