| Thursday, 9th May 2019, 8:07 am

പ്രകാശ് കാരാട്ട് ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയതായി ബംഗാള്‍ ഘടകത്തിന്റെ പരാതി; അവയ്‌ലബിള്‍ പി.ബി ചര്‍ച്ചചെയ്യണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയതായി പരാതി. ബംഗാള്‍ സംസ്ഥാന സെക്രട്ടറി സുര്യകാന്ത് മിശ്രയാണ് പരാതി ഉയര്‍ത്തിയത്. ബംഗാളില്‍ നിന്ന് ബി.ജെ.പി ക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് പ്രകാശ് കാരാട്ട് മാതൃഭൂമി ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് സൂര്യകാന്ത്്് മിശ്രയുടെ പരാതി.

വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര നേതൃത്വം മാധ്യമങ്ങള്‍ മുമ്പാകെ വിശദീകരണം നല്‍കണമെന്നും സുര്യകാന്ത് മിശ്ര ആവശ്യപ്പെട്ടതായി സി.പി.ഐ.എം വ്യത്തങ്ങള്‍ അറിയിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട ചെയ്യുന്നു.

ഹിന്ദി സംസ്ഥാനങ്ങളില്‍ സീറ്റ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ അത് മറികടക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എണ്ണം തികക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു എന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്. മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് ചോദ്യങ്ങള്‍ എന്ന അഭിമുഖത്തിലായിരുന്നു പ്രകാശ് കാരാട്ടിന്റെ പരാമാര്‍ശം.

‘ഉത്തര്‍പ്രദേശില്‍ നിന്ന് മാറി ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റ് നേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡീഷയില്‍ പരമാവധി അഞ്ച് സീറ്റ് ബി.ജെ.പി ക്ക് ലഭിക്കും. ബംഗാളിലും അവര്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനേക്കാള്‍ സീറ്റ് കൂടുതല്‍ ലഭിക്കും എന്നാല്‍ അത് അവര്‍ക്ക അത്ര എളുപ്പമാകില്ല. അമിത് ഷാ പറഞ്ഞത് 23 സീറ്റുകളില്‍ വിജയിക്കുമെന്നാണ്. അത്രയൊന്നും ബി.ജെ.പി ക്ക് ലഭിക്കാനിടയില്ല.’ എന്നായിരുന്നു കാരാട്ടിന്റെ പരാമര്‍ശം.

എന്നാല്‍ ബംഗാളില്‍ തൃണമൂലിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തില്‍ കാരാട്ട് ബി.ജെ.പിക്ക് ഗുണകരമാവുന്ന പ്രസ്താവന നടത്തിയെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more