| Thursday, 14th October 2021, 9:26 am

11 തവണ ജയിലില്‍ പോയ ഗാന്ധിജി ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ല, സവര്‍ക്കര്‍ക്ക് മാപ്പ് പറയല്‍ മാത്രമായിരുന്നു പണി; രാജ്‌നാഥ് സിംഗിനെ കടന്നാക്രമിച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സി.പി.ഐ.എം. ആര്‍.എസ്.എസ് ഒരിക്കലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

‘ബ്രിട്ടീഷുകാരുമായി സഹകരണത്തിലായിരുന്നു ആര്‍.എസ്.എസ്. സവര്‍ക്കറുടെ മാപ്പപേക്ഷ വരുന്നത് 1911 ലും 1913 ലുമാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിക്കുന്നത് 1915 ലാണ്,’ യെച്ചൂരി ട്വീറ്റ് ചെയ്തു.

ഇതിനൊപ്പം സവര്‍ക്കറുടെ മാപ്പപേക്ഷയുടെ ചിത്രവും യെച്ചൂരി പങ്കുവെച്ചു.

പ്രതിരോധമന്ത്രി നുണപറയുകയാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. 11 തവണ ജയിലില്‍പ്പോയ ഗാന്ധിജി ഒരിക്കല്‍പ്പോലും മാപ്പു പറഞ്ഞിട്ടില്ലെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.

’11 തവണ ജയിലില്‍പ്പോയ ഗാന്ധിജി ഒരിക്കല്‍പ്പോലും മാപ്പു പറഞ്ഞിട്ടില്ല. സവര്‍ക്കര്‍ തുടര്‍ച്ചയായി ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കി,’ വൃന്ദ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ പങ്കും ഇല്ലാതാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കറുടെ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.

സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.

ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM attacks Rajnath Sing on Savarkar Gandhiji

We use cookies to give you the best possible experience. Learn more