ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുരേന്ദ്രന്റെ മരണം അന്വേഷിക്കണമെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍
സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ സംസാരമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ചിലര്‍ നടത്തിയ വ്യക്തിഹത്യകാരണമാണ് സുരേന്ദ്രന്‍ മരിച്ചതെന്ന് കെ.പി.സി.സി അംഗമായ കെ.പ്രമോദ് നേരത്തെ പറഞ്ഞിരുന്നു.
മേയറാകാന്‍ ചരടുവലിക്കുന്നു എന്ന മട്ടില്‍ പാര്‍ട്ടിയിലെ ചിലര്‍ നടത്തിയ വ്യക്തിഹത്യയാണ് കെ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണത്തിനിടയാക്കിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ പ്രമോദ് പറഞ്ഞത്. പ്രവാസിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ദീവേഷ് ചേനോളി ഫേസ്ബുക്കിലൂടെ നടത്തിയ ആക്രമണം മൂലം സുരേന്ദ്രന്‍ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും പ്രമോദ് പറയുന്നു.
”തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബര്‍ അക്രമണം നടന്നത്. അത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടന്‍ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കില്‍ എന്താത്മാര്‍ത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത്,” പ്രമോദ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇക്കാര്യം തുറന്നു പറഞ്ഞില്ലെങ്കില്‍ അത് നിസ്വാര്‍ത്ഥനായ കോണ്‍ഗ്രസ് നേതാവിനോടുള്ള വലിയ തെറ്റായിരിക്കുമെന്നും പ്രമോദ് പറയുന്നു.
കണ്ണൂര്‍ മേയര്‍ സ്ഥാനത്തേക്ക് സുരേന്ദ്രന്‍ പരിഗണിക്കപ്പെടുമോ എന്ന പേടിയുള്ളവരാണ് സുരേന്ദ്രനെതിരെ സൈബര്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പ്രമോദ് പറയുന്നു.
”വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബര്‍ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നില്‍ പാര്‍ട്ടിയില്‍ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളര്‍ത്തി. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബര്‍ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. കണ്ണൂര്‍ മേയര്‍ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയില്‍ ആ പാവം മനുഷ്യനെ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ കൊടുത്തവന്‍ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവര്‍ത്തകര്‍ക്കില്ല എന്ന് ആദ്യമേ പറയട്ടെ.”-പ്രമോദ് പറയുന്നു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എ.ന്‍.ടി.യുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന്‍ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.