43 സീറ്റിൽ മത്സരിക്കും; 13 സീറ്റിൽ പിന്തുണ കോൺഗ്രസിന്; ത്രിപുരയിൽ സി.പി.ഐ.എമ്മിന്റെ സ്ഥാനാർഥി പട്ടിക ഇങ്ങനെ
national news
43 സീറ്റിൽ മത്സരിക്കും; 13 സീറ്റിൽ പിന്തുണ കോൺഗ്രസിന്; ത്രിപുരയിൽ സി.പി.ഐ.എമ്മിന്റെ സ്ഥാനാർഥി പട്ടിക ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 10:03 pm

അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് സി.പി.ഐ.എം. 43 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുക. 13 സീറ്റുകൾ കോൺഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.

24 പുതുമുഖ സ്ഥാനാർഥികൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടുകൊണ്ടുള്ള പത്ര സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ നാരായൺ കർ കോൺഗ്രസുമായി ചേർന്ന് ഇലക്ഷനെ അഭിമുഖീകരിക്കുന്നതിന്റെ കാരണം വെളിപ്പടുത്തി.

ബി.ജെ.പിയെ സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിൽ നിന്നും പുറത്താക്കലാണ് സി. പി.ഐ.എമ്മിന്റെ പ്രധാന ലക്ഷ്യമെന്നും അതിനായി ബി.ജെ.പി വിരുദ്ധരായ മുഴുവൻ മത നിരപേക്ഷ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കാൻ മാർക്സിസ്റ്റ് പാർട്ടി തയ്യാറാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മുൻ മുഖ്യ മന്ത്രിയായ മാണിക് സർക്കാർ, മുൻ ധനമന്ത്രി ഭാനു ലാൽ സാഹ സഹീദ് ചൗധരി, മബാസർ അലി തുടങ്ങിയ നിരവധി പ്രമുഖരെ ഇത്തവണ സി.പി.ഐ.എം തങ്ങളുടെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതുമുഖങ്ങളെയും വിജയസാധ്യതയുള്ള സ്ഥാനാർഥികളെയും ഉൾപ്പെടുത്തി ബി.ജെ.പിയിൽ നിന്നും അധികാരം പിടിച്ചെടുക്കാനാണ് പല പ്രമുഖ സ്ഥാനാർഥികളെയും സി.പി.ഐ.എം സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയത്. സി.പി.ഐ.എം നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യം മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ നിർത്തുന്നുണ്ട്.

ഇതിൽ 43 സീറ്റുകളിൽ സി.പി.ഐ.എം മത്സരിക്കുമ്പോൾ 13 സീറ്റ് കോൺഗ്രസിനും സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്‌ എന്നീ ഇടത് പാർട്ടികൾക്ക് ഓരോ സീറ്റുമാണ് ലഭിക്കുക. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയാണ് മത്സരിക്കുന്നത്.

സർക്കാർ ജീവനക്കാർ നിർണായകശക്തിയായ ത്രിപുരയിൽ ഇവരുടെ വോട്ട് ലക്ഷ്യമിട്ട് പങ്കാളിത്ത പെൻഷൻ എടുത്ത് കളയുമെന്ന് സി.പി.ഐ. എം നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യം പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുവജനങ്ങൾ അനുഭവിക്കുന്ന തൊഴിലില്ലായ്മ, സമൂഹത്തിൽ സൗഹാർദ അന്തരീക്ഷം മുതലായവയെല്ലാം പ്രതിപക്ഷ സഖ്യം പ്രകടന പത്രികയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

സി.പി.ഐ.എം 1993 മുതൽ തുടർച്ചയായ 25 വർഷം ഭരിച്ച ത്രിപുരയിൽ 2018 ലാണ് ബി. ജെ.പി അധികാരത്തിലെത്തുന്നത്.
അധികാരം ലഭിച്ച ശേഷം കമ്മ്യൂണിസ്റ്റുകൾക്കെതിരെയും കോൺഗ്രസ്‌ പ്രവർത്തകർ ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടി അംഗങ്ങൾക്കെതിരെ വലിയ അതിക്രമം ബി.ജെ.പി പ്രവർത്തകർ അഴിച്ച് വിടുകയും പ്രതിപക്ഷ പാർട്ടികളുടെ പാർട്ടി ഓഫീസ് അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിലാണ് നിയമസഭാ ഇലക്ഷൻ നടക്കുക.
ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 17നുമാണ് ഇലക്ഷൻ.

28,13,478 വോട്ടർമാരാണ് ത്രിപുര നിയമസഭ ഇലക്ഷന്റെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 2018 നിയമസഭ ഇലക്ഷനെക്കാൾ 2.4 ലക്ഷം വോട്ടർമാർ വർധിച്ചിട്ടുണ്ട്.

 

Content Highlights:CPIM announces candidates in Tripura; Contesting in alliance with Congress