ചെന്നൈ: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സി.പി.ഐ.എം ഡി.എം.കെയുമായി സഖ്യമുണ്ടാക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സമത്വവും സമാധാനവും ഉറപ്പ് വരുത്തുകയാണ് ഉദ്ദേശമെന്നും യെച്ചൂരി പറഞ്ഞു.
വരാന്‍ പോകുന്ന തെരഞ്ഞടുപ്പില്‍ ഞങ്ങള്‍ ഡി.എം.കെയുമായി ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. സമത്വവും, സമാധാനവും, ഐക്യവും നിലനിര്‍ത്താന്‍ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കും.യെച്ചൂരി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡി.എം.കെ പ്രസിഡന്റ് സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടില്‍ വച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് തീരുമാനം. നേതാക്കളുടെ മനോഭാവത്തെക്കാള്‍ സാധാരണ അണികളുടെ ആവശ്യമാണ് തങ്ങളെ ഒന്നിക്കാന്‍ പ്രേരിപ്പിച്ചത് എന്നും യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രിയെ ശക്തനായി ചിത്രീകരിച്ച് രജനികാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി മന്‍മോഹന്‍സിങ്ങിന്റെയും അടല്‍ ബിഹാരിവാജ്പയിയുടെയും തോല്‍വികളെ എടുത്ത് കാട്ടി.
Also Read: സനല്‍കുമാറിന്റെ കൊലപാതം; ഡി.വൈ.എസ്.പിയുടെ കൂട്ടാളി ബിനുവും ഡ്രൈവറും കീഴടങ്ങി
ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നീക്കങ്ങള്‍ ഫലം കാണുമോ എന്ന ചോദ്യത്തിന്, ഫലം കാണും എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട്.
ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസം മാറ്റി വെക്കന്‍ തയ്യാറാകും എന്നും യെച്ചൂരി പറഞ്ഞു.
ജനാധിപത്യ , മതേതര വിശ്വാസങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ ഒന്നിച്ചു നില്‍ക്കും എന്ന് യെച്ചൂരി പറയുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇത് തന്നെയാണ് തനിക്കും സ്റ്റാലിനും മറ്റ് നേതാക്കള്‍ക്കുമിടയിലുള്ള സാമാന്യ ലക്ഷ്യമെന്ന് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ ജനാധിപത്യ സെക്കുലര്‍ ശക്തികളേയും കൂട്ടുപിടിക്കുമെന്നും യെച്ചൂരി പറഞ്ഞു.