ചെന്നൈ: ബി.ജെ.പിയുടെ വേല്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മും വി.സി.കെയും രംഗത്ത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ 6 മുതല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ബി.ജെ.പിയുടെ ‘വേല്‍ യാത്ര’ നിരോധിക്കണമെന്ന് വി.സി.കെയും സി.പി.എമ്മും ആവശ്യപ്പെടുന്നത്.
യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വി.സി.കെ മേധാവി തോല്‍ തിരുമാവലവന്‍ ഡി.ജി.പി ജെ.കെ ത്രിപാഠിക്ക് നിവേദനം നല്‍കി. അക്രമത്തിന് പ്രേരണ നല്‍കാനും യാത്രയിലൂടെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനും ബി.ജെ.പി ശ്രമിക്കുന്നന്നെന്നും അതിനാല്‍ പരിപാടിക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് നിര്‍ദ്ദിഷ്ട യാത്രയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പറഞ്ഞു. കൃത്രിമമായി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ഏക ലക്ഷ്യമെന്ന് മുന്‍കാലങ്ങളില്‍ നടത്തിയ സമാനമായ റാലികള്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്ര അക്രമത്തെ പ്രേരിപ്പിക്കുകയും കൊവിഡിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വേല്‍ യാത്ര’ നവംബര്‍ ആറിന് ആരംഭിച്ച് ഡിസംബര്‍ 6 ന് അവസാനിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്.
ബി.ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികവും ബാബ്‌രി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവുമായ ഡിസംബര്‍ 6 ന് തന്നെ യാത്ര അവസാനിപ്പിക്കാനുള്ള ബി.ജെ.പിയുടെ പദ്ധതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തിരുമാവലവന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: CPIM and VCK against BJP