ചെന്നൈ: ബി.ജെ.പി നേതാവായ എല്‍.സി വിക്ടോറിയ ഗൗരി ചുമതലയേറ്റതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ.എമ്മും അഭിഭാഷകരും. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിക്ടോറിയ ഗൗരി നടത്തിയ വിദ്വേഷ പ്രകടനങ്ങള്‍ക്ക് എതിരെയാണ് പ്രതിഷേധം.
ചൊവ്വാഴ്ച രാവിലെയായിരുന്നു അഡ്വ. ലക്ഷമണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ടി. രാജയാണ് വിക്ടോറിയ ഗൗരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വിക്ടോറിയ ഗൗരിയുടെ നിയമനത്തെ ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു നിയമന ചടങ്ങുകള്‍ നടന്നതെന്ന് ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹരജികള്‍ പരിഗണിച്ചത്. 10.25നാണ് സുപ്രീം കോടതി കേസ് പരിഗണിച്ചതെന്നിരിക്കെ 10.48ഓടെയായിരുന്നു വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയുടെ അഡീഷനല്‍ ജഡ്ജിയായി ചുമതലയേറ്റത്.
വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലം അവരുടെ നിയമനത്തെ വിലക്കാനുള്ള കാരണമാകുന്നില്ല എന്നായിരുന്നു സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരിക്കെ ജസ്റ്റിസ് കൃഷ്ണ അയ്യര്‍ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റതിനേയും സുപ്രീം കോടതി പരാമര്‍ശിച്ചു.
വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലമല്ല മറിച്ച് അവരുടെ ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങളും വിദ്വേഷ പ്രചരണങ്ങളുമാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചു.
തനിക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നും അതല്ല ഇവിടുത്തെ പ്രശ്നമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദ്വേഷ മനോഭാവമുള്ള ഒരാള്‍ ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്താല്‍ അത് വെറും കടലാസ് സത്യപ്രതിജ്ഞയായേ കണക്കാന്‍ സാധിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജസ്റ്റിസ് ബി. ആര്‍ ഗവായി വിക്ടോറിയ ഗൗരിക്ക് യോഗ്യത ഉണ്ടെന്നും എതിര്‍ഭാഗം ഉയര്‍ത്തുന്നത് ധാര്‍മിക ചോദ്യങ്ങള്‍ മാത്രമാണെന്നും ആരോപിച്ചു.
2018ലാണ് ഗൗരി ഇത്തരത്തിലുള്ള വിദ്വേഷ പരാമര്‍ശം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കൊളീജിയം അന്വേഷണം നടത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. വിക്ടോറിയ ഗൗരിക്ക് അനുകൂലമായാണ് കോടതി സംസാരിച്ചത്. വിക്ടോറിയ ഗൗരിക്ക് യോഗ്യത കുറവില്ല എന്നും സുപ്രീം കോടതി സൂചിപ്പിച്ചു.
അതേസമയം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും ദരിദ്രരുടേയും ശബ്ദങ്ങള്‍ കേള്‍ക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും ഉത്തരവാദിത്തത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും വിക്ടോറിയ ഗൗരി നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
Content Highlight: CPIM and lawyers protested outside court after Victoria Gowri’s oath taking