കേരളം കൈവിട്ടപ്പോള്‍ തമിഴ്‌നാട് സ്വീകരിച്ചു; സംസ്ഥാനത്ത് ഇടതുകക്ഷികള്‍ ജയിച്ചത് നാലു മണ്ഡലങ്ങളില്‍; മൂന്നിലും ഭൂരിപക്ഷം ഒന്നരലക്ഷത്തിനു മുകളില്‍
D' Election 2019
കേരളം കൈവിട്ടപ്പോള്‍ തമിഴ്‌നാട് സ്വീകരിച്ചു; സംസ്ഥാനത്ത് ഇടതുകക്ഷികള്‍ ജയിച്ചത് നാലു മണ്ഡലങ്ങളില്‍; മൂന്നിലും ഭൂരിപക്ഷം ഒന്നരലക്ഷത്തിനു മുകളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 7:46 pm

ചെന്നൈ: കേരളത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും തമിഴ്‌നാട്ടില്‍ മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാര്‍ട്ടികള്‍ വിജയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റുകളില്‍ വീതമാണു വിജയം കണ്ടത്. വന്‍ ഭൂരിപക്ഷത്തിലാണ് നാലു മണ്ഡലങ്ങളിലെയും വിജയം.

കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലാണ് സി.പി.ഐ.എം വിജയം നേടിയത്. നാഗപട്ടണത്തും തിരുപ്പൂരും സി.പി.ഐയും വിജയിച്ചു. ഈ നാല് സീറ്റുകളിലും കോണ്‍ഗ്രസുമായും ഡി.എം.കെയുമായും സഖ്യമുണ്ടാക്കിയാണ് ഇരുപാര്‍ട്ടികളും മത്സരിച്ചത്.

കോയമ്പത്തൂരില്‍ മുന്‍ എം.പി പി.ആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആധികാരികജയം നേടിയത്. ബി.ജെ.പിയുടെ രാധാകൃഷ്ണന്‍ ബഹുദൂരം പിന്നിലാണ്. നടരാജന്‍ 566758 വോട്ട് നേടിയപ്പോള്‍ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്.

മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്. വെങ്കടേശനാണ് സി.പി.ഐ.എമ്മിനുവേണ്ടി വിജയം കണ്ടത്. 1.36 ലക്ഷമാണു ഭൂരിപക്ഷം. 439967 വോട്ടാണ് അദ്ദേഹം നേടിയത്. എ.ഐ.എ.ഡി.എം.കെയുടെ രാജ് സത്യന്‍ വി.വി.ആറാണ് 303545 വോട്ടുമായി പിന്നില്‍.

അതേസമയം നാഗപട്ടണത്ത് സി.പി.ഐ സ്ഥാനാര്‍ഥി സെല്‍വരാജ് എം. 1.86 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ ശരവണനെ പരാജയപ്പെടുത്തി. സെല്‍വരാജ് 461744 വോട്ടും ശരവണന്‍ 275380 വോട്ടും നേടി.

തിരുപ്പൂരില്‍ 90519 വോട്ടുകള്‍ക്കാണ് സി.പി.ഐയുടെ സുബ്ബരായന്‍ കെ. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. എ.ഐ.എ.ഡി.എം.കെയുടെ ആനന്ദന്‍ 411982 വോട്ട് നേടിയപ്പോള്‍ സുബ്ബരായന്‍ 502501 വോട്ട് നേടി.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങളെ കോണ്‍ഗ്രസുമായും ഡി.എം.കെയുമായും സഖ്യം ചേരാന്‍ പ്രേരിപ്പിച്ചതെന്നും, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ ഒരു കാരണവശാലും വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും തമിഴ്നാട് സി.പി.ഐ.എം സെക്രട്ടറിയും പി.ബി അംഗവുമായ ജി. രാമകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സഖ്യത്തിലുള്ള എല്ലാവരും ബി.ജെ.പി അധികാത്തില്‍ വരുന്നതിനെക്കുറിച്ച് ഒരു പോലെ ആശങ്കയിലായിരുന്നെന്നും, മതനിരപേക്ഷയെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ തരണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫിനു വിജയം കാണാനായത്. മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ എ.എം ആരിഫ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെയാണു പരാജയപ്പെടുത്തിയത്.