പശ്ചിമ ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യമൊരുങ്ങുന്നു; ലക്ഷ്യം ബി.ജെ.പിയുടെയും തൃണമൂലിന്റെയും പരാജയം
national news
പശ്ചിമ ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യമൊരുങ്ങുന്നു; ലക്ഷ്യം ബി.ജെ.പിയുടെയും തൃണമൂലിന്റെയും പരാജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th June 2020, 4:31 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് സഖ്യമുണ്ടാക്കാനൊരുങ്ങി സി.പി.ഐ.എമ്മും കോണ്‍ഗ്രസും. തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇടതുമുന്നണിക്കും കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നിച്ച് പോരാടാന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ വിലയിരുത്താന്‍ ഇരുപാര്‍ട്ടികളുടെയും യോഗം ബുധനാഴ്ച വൈകുന്നേരം നടന്നു. നാലു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളെടുത്തതായും സൂചനകളുണ്ട്.

കേന്ദ്രത്തിന്റെ എണ്ണ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ജൂണ്‍ 29ന് കോണ്‍ഗ്രസും ഇടതുമുന്നണിയും സംയുക്തമായി കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് ബി.ജെ.പി നിലയുറപ്പിക്കുന്ന സാഹചര്യത്തില്‍ സംയുക്ത സഖ്യമുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്ര പറഞ്ഞു.

‘സംസ്ഥാനത്ത് ബി.ജെ.പി നിലയുറപ്പിച്ച് തുടങ്ങിയിട്ടുണ്ട്. വര്‍ഗീയ ശക്തികളെ തുരത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമാണ്,’ സോമന്‍ മിത്ര പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ആയി മാറിയ സാഹചര്യത്തിലാണ് നീക്കം.

ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 സീറ്റുകളാണ് ബി.ജെ.പി നേടിയത്. തൃണമൂലിനേക്കാള്‍ വെറും നാലു സീറ്റുകളുടെ കുറവ് മാത്രമാണ് ബി.ജെ.പിക്കുണ്ടായത്.

2014ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ 22 സീറ്റുകളായി കുറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമുണ്ടാക്കിയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാനായില്ല.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും സഖ്യമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.