'വിദ്വേഷത്തെ ഒരുമിച്ച് തോല്‍പ്പിക്കണം'; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് കോണ്‍ഗ്രസും സി.പി.ഐ.എമ്മും
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എമ്മും കോണ്‍ഗ്രസും. മതത്തിന്റെ പേരിലുള്ള ക്രൂരതവെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോല്‍പ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടു.
‘ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം വല്ലാതെ ഞെട്ടിച്ചു.മതത്തിന്റെ പേരിലുള്ള ക്രൂരതവെച്ചുപൊറുപ്പിക്കാനാവില്ല. ഈ ദുഷ്പ്രവണതയുമായി തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
വിദ്വേഷത്തെ നമ്മള്‍ എല്ലാവരും ഒരുമിച്ച് തോല്‍പ്പിക്കണം. സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
‘ഉദയ്പൂരില്‍ നടന്ന ക്രൂരവും നിഷ്ഠൂരവുമായ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിക്കുന്നു. ബന്ധപ്പെട്ടവര്‍ക്കെതിരെ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. സമാധാനം നിലനിര്‍ത്താന്‍ സി.പി.ഐ.എം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക പേജില്‍ വന്ന ട്വീറ്റ്.
അതേസമയം, സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഉദയ്പൂരില്‍ കൊലപാതകം നടന്നതെന്നാണ് ആരോപണം. രണ്ട് പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സമുദായങ്ങളില്‍ നിന്നുള്ള പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പരമ്പരയുണ്ടായത് കൊലപാതകത്തിലേക്ക് നയിച്ചെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉദയ്പൂരിലെ മാല്‍ദാസ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. കനയ്യ ലാലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ തയ്യല്‍ക്കട നടത്തുന്നയാളാണ്.
കടയിലേക്ക് തുണി തയ്പ്പിക്കാനെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് ഇയാളുടെ തല അറുത്തുമാറ്റിയെന്നും രാജസ്ഥാന്‍ പൊലീസ് പറഞ്ഞു. ആക്രമികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കനയ്യ ലാല്‍ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ടിരുന്നുവെന്ന് രാജസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിട്ടുണ്ട്.
ഈ വീഡിയോ പങ്കിടുന്നതിലൂടെ, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക എന്ന കുറ്റവാളിയുടെ ലക്ഷ്യം വിജയിക്കുമെന്നും അതുകൊണ്ട് ആരും വീഡിയോ പങ്കുവെക്കരുതെന്നും ഗെലോട്ട് പറഞ്ഞു.
CONETNT HIGHLIGHTS: CPIM and Congress condemns Udaipur killing