| Wednesday, 6th November 2019, 11:00 am

'ദലീമ മതമേലദ്ധ്യക്ഷന്‍മാരെ കണ്ടു, പ്രചരണം നടത്തി, സീറ്റ് കിട്ടിയില്ലെന്ന് കണ്ടതോടെ ഗള്‍ഫില്‍ പോയി'; അരൂര്‍ തോല്‍വിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയ്‌ക്കെതിരെ സി.പി.ഐ.എം ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്തപ്പോഴും ഇടതുമുന്നണിയ്ക്കും സി.പി.ഐ.എമ്മിനും അല്‍പ്പം വിഷമം ഉണ്ടാക്കിയ ഒന്നായിരുന്നു അരൂരിലെ തോല്‍വി. ഇന്നലെ നടന്ന സി.പി.ഐ.എം ആലപ്പുഴ ജില്ല കമ്മിറ്റി യോഗത്തില്‍ അരൂര്‍ തോല്‍വി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

പതിനായിരത്തോളം ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നതാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് കമ്മിറ്റി വിലയിരുത്തി. ഈ വോട്ടുകല്‍ ഷാനി മോള്‍ ഉസ്മാന് ലഭിച്ചെന്നാണ് കമ്മിറ്റിയുടെ നിഗമനം. പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യം, ക്രിസ്ത്യന്‍, ഈഴവ, ധീവര വോട്ടുകള്‍ പ്രതീക്ഷിച്ചത് ലഭിക്കാഞ്ഞതും അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയിലെ അതൃപ്തി എന്നിവയും തോല്‍വിക്ക് കാരണമായെന്നും വിലയിരുത്തി. മുന്‍ എം.എല്‍.എ ആയ എ.എം ആരിഫ് എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് പ്രതീതി ഉണ്ടാക്കിയ നേതാക്കളുടെ സമുദായ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദലീമ ജോജാ, സംസ്ഥാന സമിതി അംഗം സി.ബി ചന്ദ്രബാബു, സെക്രട്ടറിയേറ്റ് അംഗം പി.പി ചിത്തരഞ്ജന്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ വിമര്‍ശനം ഉയര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദലീമ മതമേലധ്യക്ഷന്‍മാരെ കണ്ട് സ്ഥാനാര്‍ത്ഥിത്വത്തിനായി പരിശ്രമിച്ചു. തീരദേശത്ത് ആ രീതിയില്‍ പ്രചരണം നടത്തി. സീറ്റ് കിട്ടാതെ വന്നപ്പോള്‍ ഗള്‍ഫില്‍ പോയി. ഇത് ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടാനിടയാക്കിയെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.

തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തില്‍ അഞ്ച് ജാഥകള്‍ നടത്തിയിരുന്നു. ഈ ജാഥകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന് ജനം കരുതി. സി.ബി ചന്ദ്രബാബു, പി.പി ചിത്തരഞ്ജന്‍, മനു.സി.പുളിക്കല്‍, ബാബു ജാന്‍, കെ. പ്രസാദ് എന്നിവരായിരുന്നു ജാഥാ ക്യാപ്റ്റന്‍മാര്‍. ഇവരില്‍ സീറ്റ് കിട്ടാതിരുന്നവരുടെ സമുദായങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നും വിലയിരുത്തലുണ്ടായി.

അരൂരിലെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നു. പൂതന പ്രയോഗമല്ല തോല്‍വിക്ക് കാരണമെന്ന് ജി. സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more