പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അധ്യക്ഷന് വീഴ്ച്ച സംഭവിച്ചെന്ന് തളിപറമ്പ്ഏരിയാ കമ്മിറ്റി: നടപടിക്കൊരുങ്ങി സിപി.ഐ.എം
Kerala News
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അധ്യക്ഷന് വീഴ്ച്ച സംഭവിച്ചെന്ന് തളിപറമ്പ്ഏരിയാ കമ്മിറ്റി: നടപടിക്കൊരുങ്ങി സിപി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2019, 11:38 am

കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ സി.പി.ഐ.എം. ശ്യാമളക്കെതിരെ നടപടിയെടുക്കണമെന്ന് തളിപറമ്പ് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തിര യോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ഏരിയാ കമ്മിറ്റിയില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള.

ഉത്തരവാദിത്തത്തില്‍ നിന്ന് നഗരസഭാ അധ്യക്ഷക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അവര്‍ക്ക് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് ഏരിയാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. അവരെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഏരിയാകമ്മിറ്റി ശുപാര്‍ശ ചെയ്തു. ജെയിംസ് മാത്യൂ ഒഴികെയുള്ള എല്ലാവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്, നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മര്‍ദങ്ങളാണോ അനുമതി നിഷേധിക്കാന്‍ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിക്കുക.

നഗരസഭ പരിധിയില്‍ ഓഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ ടി. അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.