തിരുവനന്തപുരം: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിമര്‍ശിച്ച് സംസ്ഥാന സമിതി. യെച്ചൂരി രാജ്യസഭയിലേയ്ക്ക് മത്സരിക്കാന്‍ നീക്കം നടത്തിയെന്നാണ് വിമര്‍ശനമായി അംഗങ്ങള്‍ ഉന്നയിച്ചത്.
കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേലായിരുന്നു ഇന്ന് പ്രധാനമായും ചര്‍ച്ച നടന്നത്. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് യെച്ചൂരിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
ജനറല്‍ സെക്രട്ടറി പദവിയ്ക്ക് നിരക്കാത്ത വിധത്തില്‍ യെച്ചൂരി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം നടത്തിയെന്ന ഗുരുതര ആരോപണമാണ് സംസ്ഥാന സമിതി അംഗങ്ങള്‍ ഉന്നയിച്ചത്. കെ എന്‍ ബാലഗോപാല്‍, എം സ്വരാജ് എം.എല്‍.എ എന്നിവരാണ് സീതാറാം യെച്ചൂരിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസ് പിന്തുണയാകാമെന്ന നിലപാടില്‍ യെച്ചൂരി മൗനം പാലിച്ചുവെന്നാണ് വിമര്‍ശനം. ഇത് ജനറല്‍ സെക്രട്ടറി പദവിയ്ക്ക് യോജിക്കാത്ത നടപടിയാണ്. കോണ്‍ഗ്രസ് പിന്തുണയോടെ നടത്തിയ നീക്കത്തിന് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയുണ്ടെന്നും അംഗങ്ങള്‍ ആരോപിച്ചു. ബംഗാള്‍ ഘടകത്തിന് കേന്ദ്ര നേതൃത്വം കീഴടങ്ങരുതെന്നും സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വ വിഷയവും വിവാദവും പിബിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ചചെയ്യാനിടയായ സാഹചര്യമാണ് പ്രധാനമായും സംസ്ഥാന സമിതി യോഗത്തില്‍ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സീതാറാം യെച്ചൂരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അംഗങ്ങള്‍ എത്തിയത്.
രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ പാര്‍ലമെന്ററി പദവികള്‍ വഹിക്കരുതെന്ന തീരുമാനം പാര്‍ട്ടി കേന്ദ്രനേതൃത്വം എടുത്തിരുന്നു. ഇതിന് ഘടകവിരുദ്ധമായാണ് യെച്ചൂരി നീക്കം നടത്തിയതെന്നും അംഗങ്ങള്‍ ആരോപിച്ചു.