| Monday, 13th April 2020, 4:49 pm

'പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ ശബ്ദ സന്ദേശം വിഭാഗീയത പടര്‍ത്തുന്നതും അപലപനീയവും'; വിമര്‍ശനവുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിവിധ മഹല്ലുകമ്മറ്റികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയുടെ ഒരു ശബ്ദസന്ദേശം അങ്ങേയറ്റം വിഭാഗീയത പടര്‍ത്തുന്നതും അപലപനീയവുമാണെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എം.എല്‍. എക്കെതിരെ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്. എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും പെട്ട പ്രവാസികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സങ്കുചിതമായരീതിയില്‍ കണക്കെടുക്കണമെന്ന നിര്‍ദ്ദേശം. അങ്ങേയറ്റം കുറ്റകരമായ വിഭാഗീയ പ്രവര്‍ത്തനമാണിത്. എം.എല്‍.എ എന്ന നിലയില്‍ എടുത്തിട്ടുള്ള സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനവുമാണിത്. മാത്രമല്ല ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശാനുസരണം നമ്മുടെ രാജ്യവും സംസ്ഥാനവും അംഗീകരിച്ചു പാലിക്കുന്ന കോവിഡ് പ്രതിരോധ പ്രോട്ടോക്കോളിന് വിരുദ്ധവുമാണ് സാമുദായികമായ വിഭാഗീയത സൃഷ്ടിക്കുന്ന ഈ ശബ്ദസന്ദേശമെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.

മത ജാതി കക്ഷി വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് എല്ലാ മതസമുദായ നേതൃത്വ ങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്രയും സങ്കുചിതവും ഉത്തരവാദിത്വരഹിതവുമായ ഇടപെടലുണ്ടായിരിക്കുന്നതെന്ന് ജനാധിപത്യ മതനിരപേക്ഷശക്തികള്‍ ഗൗരവപൂര്‍വ്വം കാണണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇത്തരം വിഭാഗീയമായ ഇടപെടലുകള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്.
പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തലും നാട്ടിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളും മതാടിസ്ഥാനത്തിലോ ജാതി അടിസ്ഥാനത്തിലോ അല്ല ഒരിക്കലും കൈകാര്യം ചെയ്യേണ്ടതെന്ന കാര്യം ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.

സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കള്‍ വിദേശത്തുള്ള സഹോദരങ്ങളെ നാട്ടില്‍ എത്തിച്ചാല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതല്‍ നടപടികള്‍ക്കും തങ്ങളുടെ സ്ഥാപനങ്ങള്‍ വിട്ടുതരുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരാരും പ്രവാസികളുടെ പ്രശ്‌നത്തെ ഒരു പ്രത്യേക മതത്തിന്റെ പ്രശ്‌നമായിട്ടല്ല കണ്ടിട്ടുള്ളത്.

മതത്തിനും മറ്റെല്ലാ സങ്കുചിത വികാരങ്ങള്‍ക്കുമപ്പുറം പ്രവര്‍ത്തിച്ചുകൊള്ളാമെന്നുള്ള ഒരു എം.എല്‍.എയുടെ സത്യപ്രതിജ്ഞാലംഘനവും കൂടിയാണ് ഈ വോയ്‌സ് ക്ലിപ്പില്‍ പറയുന്ന കാര്യങ്ങള്‍. ജനങ്ങളുടെ ഐക്യത്തിനും യോജിച്ചുനിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിള്ളലുണ്ടാക്കുന്ന ഒരു തരത്തിലുമുള്ള നീക്കങ്ങളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more