വാക്‌സിന്‍ നല്‍കാതെ, മോദിക്ക് നന്ദി പറയിപ്പിക്കാന്‍ കേന്ദ്രം കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന് സി.പി.ഐ.എം
national news
വാക്‌സിന്‍ നല്‍കാതെ, മോദിക്ക് നന്ദി പറയിപ്പിക്കാന്‍ കേന്ദ്രം കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th July 2021, 8:33 am

ന്യൂദല്‍ഹി: ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ട പണം മോദി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് സി.പി.ഐ.എം. രാജ്യത്തെ വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

വാക്‌സിന്‍ എത്തിക്കുന്നതിന് പകരം വാക്‌സിന്‍ നല്‍കിയതിന് നന്ദി പറയുന്ന പരസ്യങ്ങള്‍ക്കായി കേന്ദ്രം കോടികള്‍ ചെലവിടുകയാണെന്നും ഇത്തരം നടപടികള്‍ അപഹാസ്യമാണെന്നും സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ കേന്ദ്രം താല്പര്യം കാണിക്കുന്നില്ലെന്നും മുഖംമിനുക്കലിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വികസനത്തിന് പണം ചെലവിടാതെ കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുന്നത് ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ സമ്പദ്‌വിനിയോഗം 41.6 ശതമാനമായി കുറഞ്ഞെന്നും പെട്രോള്‍ വില വര്‍ധനവിലൂടെ സമാഹരിച്ച തുക എവിടെയാണെന്നും യെച്ചൂരി ചോദിച്ചു.

മോദി സര്‍ക്കാരിന്റെ പ്രചാരണ വിഭാഗത്തെ തീറ്റിപ്പോറ്റാനും മോദിക്ക് പുതിയ വസതി നിര്‍മ്മിക്കാനും ആഢംബര വിമാനം വാങ്ങുവാനുമാണോ ഈ തുക ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഇന്ത്യ കയ്യുംകെട്ടിയിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

 

 

 

Content Highlights: CPIM against Modi