| Thursday, 17th August 2023, 4:46 pm

മാത്യു സ്ഥലം വാങ്ങിയിരിക്കുന്നത് ചിന്നക്കനാലില്‍ താമസിക്കുന്ന ആളെന്ന് പറഞ്ഞ്; ആരോപണം കടുപ്പിച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് മറുപടിയുമായി സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. ചിന്നക്കനാലില്‍ സ്വന്തമായി കേരളത്തില്‍ മറ്റെങ്ങും വീടില്ലാത്ത ആളുകള്‍ക്ക് വീട് വെച്ച് താമസിക്കാന്‍ മാത്രമേ ഭൂമി നല്‍കുകയുള്ളൂവെന്നും താന്‍ ചിന്നക്കനാലില്‍ താമസിക്കുന്നയാളാണെന്ന് പറഞ്ഞാണ് മാത്യു കുഴല്‍ നാടന്‍ അവിടെ സ്ഥലം വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടെയുള്ളത് ഗസ്റ്റ് ഹൗസാണെന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞിട്ടുള്ളതെന്നും എന്നാല്‍ അദ്ദേഹം അത് പറയുമ്പോള്‍ പോലും റിസോര്‍ട്ടിന്റെ ബുക്കിങ് നടക്കുന്നുണ്ടെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.

‘മാത്യു കുഴല്‍നാടന്‍ സ്ഥലം വാങ്ങിയിരിക്കുന്നത് 1.92 കോടിക്കാണ്. ആ സ്ഥലത്തിന് അദ്ദേഹം പിന്നേ ദിവസം തന്നെ, വിലയിട്ടിരിക്കുന്നത് 3.5 കോടി രൂപയാണ്, 50 ശതമാനം ഷെയറിന്. അദ്ദേഹത്തിന്റെ ഭൂമിയുടെ യഥാര്‍ത്ഥ വില ഏഴുകോടിയാണ്. ആ സ്ഥലത്തെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ചിന്നക്കനാല്‍ പഞ്ചായത്തില്‍ വീടില്‍ താമസിക്കാന്‍ വേണ്ടി സ്വന്തമായി കേരളത്തില്‍ മറ്റെങ്ങും വീടില്ലാത്ത ആളുകള്‍ക്ക് വീട് വെച്ച് താമസിക്കാന്‍ മാത്രമേ ഭൂമി നല്‍കുകയുള്ളൂ. 1964ലെ ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയേ കൊടുക്കുകയുള്ളൂ.

മാത്യുകുഴല്‍നാടന്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്നത് താന്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഇത്രാം വാര്‍ഡില്‍ താമസിക്കുന്ന സ്ഥിരതാമസക്കാരനാണ് അദ്ദേഹമെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ പറഞ്ഞാണ് ഭൂമി ഇദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ നമ്മുടെ ആവാസ വ്യവസ്ഥക്ക് വന്‍ കേടുവരും, ഭൂമി കയ്യേറ്റം അനുവദിക്കാന്‍ പാടില്ലെന്ന് നിയമസഭക്ക് അകത്തും പുറത്തും കലാപം നടത്തിയിട്ടുള്ള ആളാണ് മാത്യു കുഴല്‍നാടന്‍. അങ്ങനെ പറഞ്ഞ ആള് വാങ്ങിച്ച സ്ഥലത്ത് റിസോര്‍ട്ട് നടത്തികൊണ്ടിരിക്കുകയാണ്. റിസോര്‍ട്ട് അല്ല ഗസ്റ്റ് ഹൗസ് ആണെന്നാണ് ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അദ്ദേഹം ഈ പറയുന്ന സമയത്തും റിസോര്‍ട്ടിന്റെ ബുക്കിങ് നടക്കുന്നുണ്ട്. ഇതെല്ലാം സൈറ്റില്‍ ലഭ്യമാകുന്ന കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കുറിച്ച് മാത്യു കുഴല്‍നാടന്‍ പറയേണ്ട ആവശ്യമില്ലെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു. സ്വന്തം പേരിലുണ്ടായിരുന്ന 50,000 പറ നിലം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എഴുതി കൊടുത്ത ആളാണ് ഇ.എം.എസ് നമ്പൂതിരിപാടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ല, അവരെല്ലാം ജോലി ചെയ്തല്ല ജിവിക്കുന്നതെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കുറിച്ച് ഈ കുഴല്‍നാടന്‍ പറയണ്ട ആവശ്യമില്ല, അത് കേരളത്തിലെ ആളുകള്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. നമ്പൂതിരിപാട് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന 50,000 പറ നിലം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എഴുതി കൊടുത്തതിന്റെ ഫലമാണ് ദേശാഭിമാനി പത്രം. കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരെല്ലാം അധ്വാനിച്ച് അവര്‍ കഷ്ടപ്പെട്ട് ജീവിക്കുകയാണ്, സമ്പത്ത് ആര്‍ജിക്കുകയല്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും അങ്ങനെ സമ്പത്ത് ആര്‍ജിക്കാന്‍ സാധിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlights: CPIM against mathew kuzhalnadan

We use cookies to give you the best possible experience. Learn more